NATIONAL

'ഭക്ഷണവും മരുന്നുമില്ല, ഇന്ത്യ സഹായിക്കണം'; അഭ്യര്‍ഥനയുമായി പാക് അധീന കശ്മീരിലെ നേതാവ്

പാക് അധീന കശ്മീരിലെ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് സര്‍ദാര്‍ അമന്‍ ഖാനാണ് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയത്

Author : ന്യൂസ് ഡെസ്ക്

ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ച് പ്രാദേശിക നേതാവ് രംഗത്തെത്തി. പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ ശക്തിപ്പെട്ടതോടെയാണ് സംഭവം. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് സര്‍ദാര്‍ അമന്‍ ഖാനാണ് മാനുഷിക പരിഗണന നല്‍കി ഇന്ത്യ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചത്.

ഭക്ഷണസാധനങ്ങള്‍ക്ക് വലിയ ക്ഷാമമാണെന്നും തങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. റാവലക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയിലാണ് സര്‍ദാര്‍ അമന്‍ ഖാന്‍ ഈ ആവശ്യം ഉന്നയിച്ചത്. അദ്ദേഹം ഈ കാര്യം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

'നിയന്ത്രണ രേഖ വഴിയുള്ള ഗതാഗതസൗകര്യത്തിനു വേണ്ടി പൂഞ്ച്, ദോഡ മേഖലകള്‍ ഇന്ത്യ തുറന്നുനല്‍കണം, പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലാണ്. ഈ സാഹചര്യം കൂടുതല്‍ ദുഷ്‌കരമായാല്‍ ജനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മാറാന്‍ അനുവാദം നല്‍കണം' - ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് സര്‍ദാര്‍ അമന്‍ ഖാന്‍ അഭ്യര്‍ഥിച്ചു.

പാകിസ്ഥാന്‍ സര്‍ക്കാരിന്റെ അവഗണനയ്ക്കും സാമ്പത്തിക ചൂഷണത്തിനുമെതിരായി, പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്ക് കാലങ്ങളായി ശക്തമായ വിയോജിപ്പുകളുണ്ടായിരുന്നു. ഈ വിയോജിപ്പാണ് നിലവില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് എത്തിച്ചത്. പാക് അധീന കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി, കഴിഞ്ഞ ഒരു മാസത്തിലേറെയായി പാക് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്.

SCROLL FOR NEXT