NATIONAL

മാധ്യമങ്ങളെ കാണുന്നതിനിടെ ജോൺ ബ്രിട്ടാസ് എംപിയെ തൂക്കിയെടുത്ത് പൊലീസ് അതിക്രമം! ഞെട്ടിക്കുന്ന വീഡിയോ

വാഹനത്തിലേക്ക് കയറ്റിയതിന് പിന്നാലെ എംപിക്ക് ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ജന്തർമന്തർ 2.0 സമരക്കാരെ അന്യായമായി തടങ്കലിൽ വയ്ക്കുന്നതിനെതിരായ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എംപിയെ തൂക്കിയെടുത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. നിരവധി മാധ്യമങ്ങളുടെ മുന്നിൽവച്ചാണ് പൊലീസ് ബലം പ്രയോഗിച്ച് ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്തത്.

വാഹനത്തിലേക്ക് കയറ്റിയതിന് പിന്നാലെ എംപിക്ക് ശ്വാസംമുട്ടലും നെഞ്ചുവേദനയും അനുഭവപ്പെട്ടു. നടക്കുന്നത് നരനായാട്ടാണെന്നും ഒരു കാരണവശാലും പിന്തിരിയില്ലെന്നും അവസാന ശ്വാസം വരെ സമരരംഗത്ത് തന്നെ തുടരുമെന്നും ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വയ്യാതായതിന് പിന്നാലെ ജോൺ ബ്രിട്ടാസിനെ പൊലീസ് ആശുപത്രിയിൽ എത്തിക്കാതെ വഴിയരികിൽ ഇറക്കിവിടുകയായിരുന്നു. വാഹനത്തിൽ വച്ച് ഡിസിപിയെ വിളിച്ചതോടെ വഴിയിൽ ഇറക്കി വിടുകയായിരുന്നു.

അതേസമയം, ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് എ.എ. റഹീം എംപി രംഗത്തെത്തി. ഒരു എംപിക്ക് പോലും രാജ്യതലസ്ഥാനത്ത് ഇതാണ് അവസ്ഥയെന്നും ഡൽഹിയിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്നും റഹീം വിമർശിച്ചു.

അതേസമയം, സമരക്കാരെ നേരിടുന്ന കേന്ദ്ര സർക്കാർ നടപടികളെ തിരുത്തുന്ന നടപടിയാണ് സുപ്രീം കോടതി ഇന്ന് നടത്തിയത്. ഡൽഹിയിൽ മെട്രോ, റെയിൽ സേവനങ്ങൾ സാധാരണഗതിയിൽ പ്രവർത്തിക്കണമെന്നും ഇൻ്റർനെറ്റ് സൗകര്യങ്ങൾ നിയമപ്രകാരം തടസ്സപ്പെടുത്തരുതെന്നും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരവും ഗതാഗതവും അനുവദിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ഉത്തരവിട്ടു.

വോട്ട് ചോരി ആരോപണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധിക്കാൻ എത്തിയവർക്ക് നേരെ ഡൽഹി പൊലീസ് ശനിയാഴ്ച നടത്തിയ നിയമനടപടികളിൽ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസും നൽകിയിട്ടുണ്ട്. കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാതിരിക്കാൻ കാരണം കാണിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിഭാഷകർ, പത്രപ്രവർത്തകർ, മറ്റു പ്രൊഫഷണലുകൾ എന്നിവരുടെ ജോലികൾ നിർവഹിക്കുന്നതിൽ തടസമുണ്ടാകില്ലെന്നും സുപ്രീം കോടതി ഉറപ്പുനൽകി. ക്രമസമാധാന പാലനവും മറ്റു ഗതാഗത സാഹചര്യങ്ങളും കണക്കിലെടുത്ത് ബാരിക്കേഡുകൾ ഏർപ്പെടുത്തുന്നത് ഉടനടി പുനഃപരിശോധിക്കാനും കോടതി നിർദേശിച്ചു. നഗരത്തിൽ ആളുകളുടെ സുഗമമായ സഞ്ചാരം നിയമം അനുസരിച്ച് അനുവദിക്കേണ്ടതാണെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നുണ്ട്.

SCROLL FOR NEXT