എൻഎസ്‌യുഐ പ്രവർത്തകരെ വലിച്ചിഴച്ച് പൊലീസ് 
NATIONAL

ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധം; എൻഎസ്‌യുഐ പ്രവർത്തകരെ വലിച്ചിഴച്ച് പൊലീസ്

സമരത്തിനിടെ പ്രവർത്തകരെ പൊലീസ് ബലമായി വലിച്ചിഴച്ച് നീക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഡൽഹി പൊലീസിൻ്റെ മർദനത്തിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് എൻഎസ്‍യുഐ പ്രവർത്തകർ വീണ്ടും ഡൽഹി പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സ്ഥലത്ത് പൊലീസുമായി പ്രവർത്തകർ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് ബലം പ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

24 മണിക്കൂറിനകം കേസെടുക്കുമെന്ന് ഇന്നലെ പരാതിക്കാർക്ക് ഉറപ്പുനൽകിയിരുന്നു. ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് പരാതിക്കാർ വീണ്ടും സ്റ്റേഷനിൽ എത്തിയത്. ഇതോടെയാണ് സംഘർഷം ഉണ്ടായത്. മർദനമേറ്റ മലയാളി സി. ആതിരയും രാജസ്ഥാൻ സ്വദേശി ഋതു ബരേലയും സ്റ്റേഷനിലുണ്ട്.

കൊണോട്ട് പ്ലേസിലെ മിന്നല്‍ പ്രതിഷേധത്തിനിടെയായിരുന്നു ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ഥി കൂടിയായ ആതിരയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും ക്രൂരമായി മര്‍ദിച്ചത്. തങ്ങളെ മർദിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എൻഎസ്‌യുഐ ദേശീയ പ്രസിഡൻ്റ് വിനോദ് ജാഖറിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ വീണ്ടും പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്.

ഡൽഹി പൊലീസ് കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ആതിര വിജയൻ നൽകിയ ഇമെയിൽ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസ് തുടർനടപടികൾക്കായി ഡൽഹി പൊലീസിന് കൈമാറും.

വനിതാ പ്രവർത്തകരെ സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്തേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ കീറുകയും ക്രൂരമായി മർദിക്കുകയും ചെയ്ത ഡൽഹി പൊലീസിൻ്റെ നടപടി ഗുരുതരമായ തെറ്റാണെന്നും നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT