സോനവും കൊല്ലപ്പെട്ട രാജയും (വിവാഹ ചിത്രം), സോനത്തെ പിടികൂടിയപ്പോൾ Source: Deccan Chronicle
NATIONAL

ഹണിമൂൺ യാത്ര മൃതദേഹം ഉപേക്ഷിക്കാൻ; ഭാര്യയും ആൺസുഹ‍ൃത്തും ചേർന്ന് ഭർത്താവിനെ കൊന്നത് ആസൂത്രിതമായെന്ന് പൊലീസ്

നിരവധി മലകളും കൊക്കയുമുള്ള മേഘാലയയിൽ മൃതദേഹം ഉപേക്ഷിച്ചാൽ കണ്ടെത്താനാകില്ല എന്നായിരുന്നു പ്രതികളുടെ കണക്കൂട്ടൽ

Author : ന്യൂസ് ഡെസ്ക്

മേഘാലയയില്‍ മധുവിധുയാത്രയ്ക്കിടെ യുവാവിനെ ഭാര്യയും ആൺസുഹ‍ൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. രഘുവംശിയെ കൊലപെടുത്തുക എന്ന ഉദ്യേശത്തോടെയാണ് സോനം മേഘാലയയിലേക്ക് മധുവിധയാത്ര തീരുമാനിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നിരവധി മലകളും കൊക്കയുമുള്ള മേഘാലയയിൽ മൃതദേഹം ഉപേക്ഷിച്ചാൽ കണ്ടെത്താനാകില്ല എന്നായിരുന്നു പ്രതികളുടെ കണക്കുക്കൂട്ടൽ. സോനവും ആൺസുഹ‍ൃത്തും ചേ‍ർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം സോനം തന്നെ ഇരയാക്കി കാണിക്കാൻ ശ്രമിച്ചു. ഇതിനായി ഉത്ത‍ർപ്രദേശിലേക്ക് യാത്ര ചെയ്ത സോനം, തന്നെ മയക്കുമരുന്ന് നൽകി ആരോ കടത്തിക്കൊണ്ട് പോയെന്ന് വീട്ടുകാരെ വിളിച്ച് അറിയിച്ചു. കൊലപാതകവുമായി ബന്ധമില്ലെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. എന്നാൽ സോനത്തിന് പൊലീസ് നടപടികളെ കുറിച്ച് ധാരണ ഇല്ലെന്നും അതിനാൽ ഈ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും പൊലീസ് പറയുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പ് ആയതോടെയാണ് ഇരുവരും കീഴടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സോനം കുടുംബവുമായി ഫോൺ മാർഗം ബന്ധപ്പെടുന്നത്. മേഘാലയയിൽ നിന്ന് തന്നെ ആരൊക്കെയോ കടത്തിയെന്നും എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്ന് ഓര്‍മയില്ല എന്നുമാണ് പറയുന്നത്. മോഷണസംഘത്തിൽ നിന്ന് തന്നെ രക്ഷിക്കുന്നതിന് ഇടയിലാണ് രാജ കൊല്ലപ്പെട്ടതെന്നും സോനം കുടുംബത്തോട് പറഞ്ഞു. സോനം വിളിച്ച കാര്യം സഹോദരന്‍ ഗോവിന്ദ് തന്നെ അറിയിച്ചിരുന്നതായി മരിച്ച രാജ രഘുവംശിയുടെ സഹോദരന്‍ വിപുല്‍ പറഞ്ഞു.

സോനം എങ്ങനെ ഗാസിപുരിലെത്തി എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും മേഘാലയ പൊലീസ് തുടക്കം മുതല്‍ അന്വേഷണത്തില്‍ ആത്മാര്‍ഥത കാട്ടിയില്ലെന്നും വിപുല്‍ ആരോപിക്കുന്നു. സോനം കീഴടങ്ങി എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഗോവിന്ദ് വിളിച്ച് പറഞ്ഞതനുസരിച്ച് പൊലീസ് ധാബയിലെത്തി സോനത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും വിപുല്‍ പറയുന്നു.

മധ്യപ്രദേശ് സ്വദേശികളായ ബിസിനസുകാരന്‍ രാജ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മെയ് 23ന് മേഘാലയയില്‍ നിന്നും കണാതായത്. ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു. എന്നാല്‍ 11 ദിവസത്തെ തിരച്ചിലിനൊടുവില്‍ രാജയുടെ മൃതദേഹം കണ്ടെത്തി. അപ്പോഴും സോനത്തെ കണ്ടെത്താനായില്ല. ഏറെ ദിവസത്തെ തെരച്ചിലിലും സോനത്തിന്റെ പൊടി പോലും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പൊലീസിന് രാജയുടെ മരണത്തില്‍ സംശയങ്ങള്‍ തോന്നി തുടങ്ങിയത്.

രാജയെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിനിടെയാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സമീപത്ത് നിന്ന് ഒരു പ്ലാസ്റ്റിക് പിടിയുള്ള മൂര്‍ച്ചയുള്ള കത്തിയും തകര്‍ന്ന നിലയില്‍ ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിയിരുന്നു. ഇതോടെയാണ് കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നത്.

ഇവര്‍ക്കായുള്ള തിരച്ചിലിനിടയില്‍ ഒരു കറുത്ത മഴക്കോട്ട് പൊലീസിന് ലഭിച്ചിരുന്നു. വ്യൂപോയിന്റിനടത്തു നിന്നാണ് കോട്ട് ലഭിച്ചത്. എന്നാല്‍ അത് സോനത്തിന്റെ തന്നെയാണോ എന്നും പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് സോനത്തെ ഘാസിപൂരില്‍ നിന്നും കണ്ടെത്തിയത്.

മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ രാജയെയും സോനത്തെയും കാണാതാവുന്നത് ചിറാപുഞ്ചിയിലേക്കുള്ള യാത്രക്കിടെയാണ്. റോഡരികിലായാണ് ഇവര്‍ വാടകയ്‌ക്കെടുത്ത ബൈക്ക് കിടന്നത്. മെയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. മെയ് 20നാണ് ഹണിമൂണ്‍ യാത്ര തുടങ്ങിയത്.

SCROLL FOR NEXT