അർപോറ: 25 പേർ മരിച്ച ഗോവ നിശാക്ലബ് തീപിടിത്തത്തില്‍ ക്ലബ് ഉടമകള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണ സംഘം. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ലുത്ര സഹോദരന്മാർക്കായി ഡല്‍ഹിയിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചു . അപകടത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ ഗോവ സർക്കാർ സസ്പെന്‍ഡ് ചെയ്തു. 2023 ല്‍ ക്ലബിന് പ്രവർത്തനാനുമതി നല്‍കിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തത്.
ഗോവയിലെ നിശാ ക്ലബിൽ 25 പേരുടെ മരണത്തിന് കാരണമായ തീപിടിത്തം ഗുരുതര സുരക്ഷാ വീഴ്ച കാരണമെന്ന് കൂടുതൽ വ്യക്തമാകുകയാണ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റില്‍ പറത്തി, ആവശ്യമായ അനുമതി തേടാതെയാണ് ഡി ജെ പാർട്ടി നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാർട്ടിക്കിടെ , കെട്ടിടത്തിനുള്ളില്‍ കത്തിച്ച പൂത്തിരികളില്‍ നിന്നും പൈറോ സ്റ്റിക്കുകളില്‍ നിന്നുമുള്ള തീപ്പൊരികള്‍, മുളയും ഫൈബർ ഗ്രാസും ഇന്‍റീരിയറായ ക്ലബിനെ മുഴുവനായും വിഴുങ്ങാനെടുത്തത് വെറും 15 മിനിറ്റാണ്. തീപിടിത്തമുണ്ടായപ്പോള്‍ അപകട സൈറൺ മുഴക്കുകയോ, ബേസ്മെന്‍റിലുള്ളവരെ അറിയിക്കുകയോ ചെയ്യാതെ ജീവനക്കാർ ഉപകരണങ്ങള്‍ നീക്കാനാണ് ശ്രമിച്ചതെന്നാണ് രക്ഷപ്പെട്ടവരുടെ മൊഴി.
അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമുണ്ടെന്നും അപകടമുണ്ടായി 34 മണിക്കൂറിന് ശേഷം ഒളിവിലിരുന്ന് ക്ലബ് ഉടമ സൌരഭ് ലുത്ര പ്രസ്താവനയിറക്കി. ഒളിവിലുള്ള ക്ലബ് ഉടമകൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . ഇരുവർക്കുമെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ ഗോവയിലെ രണ്ട് ക്ലബുകള്‍ അടച്ചപൂട്ടി. കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായി . ജനറല്‍ മാനേജർമാർ അടക്കം നാല് പേരെ റിമാന്‍ഡ് ചെയ്തു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കെത്തിയ കുടിയേറ്റ തൊഴിലാളികളാണ് തീപിടിത്തത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും . ക്ലബിലെ പാചക തൊഴിലാളികളായിരുന്ന ജാർഖണ്ഡ് സ്വദേശികളായ മൂന്ന് പേർ അപകടസമയത്ത് ബേസ്മെന്‍റിലെ അടുക്കളയിലായിരുന്നു . ഇവർ തീപിടിത്തമുണ്ടായത് പോലും അറിഞ്ഞില്ല. അവധിക്കാലം ആഘോഷിക്കാന്‍ ഈ മാസം 4ന് ഗോവയിലെത്തിയ ഗാസിയാബാദ് സ്വദേശി ഭാവനാ ജോഷി, നാട്ടിലേക്ക് മടങ്ങുന്നത് ഭർത്താവിന്‍റെയും മൂന്ന് സഹോദരിമാരുടെയും മൃതദേഹങ്ങളുമായാണ്.
അപകടസമയത്ത് ഭാവനയോടൊപ്പം പുറത്തുകടന്ന ഭർത്താവ് വിനോദ് കുമാർ, ക്ലബിനുള്ളിലേക്ക് തിരിച്ചുകയറിയത് സഹോദരിമാരെ രക്ഷപ്പെടുത്താനായിരുന്നു. പരിക്കേറ്റ അഞ്ചുപേർ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്നു. പുറത്തേക്കുള്ള വാതിലിന് തീപിടിച്ചതോടെ രക്ഷപ്പെടാനായി ആളുകള്‍ ഇടുങ്ങിയ കോണിപടികളിലൂടെ ഇറങ്ങാന്‍ ശ്രമിച്ചതും ബേസ്മെന്‍റില്‍ വെന്‍റിലേഷനില്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് കണ്ടെത്തൽ. പലരും തിക്കിലും തിരക്കിലും ശ്വാസം മുട്ടിയാണ് മരിച്ചത്.