സാന്‍ റേച്ചല്‍  Source: NDTV
NATIONAL

മുന്‍ മിസ് പുതുച്ചേരി സാന്‍ റേച്ചല്‍ ജീവനൊടുക്കി; വിനോദ മേഖലയിലെ വര്‍ണവിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ മോഡല്‍

സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മര്‍ദവുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

Author : ന്യൂസ് ഡെസ്ക്

വിനോദ മേഖലയിലെ വര്‍ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി പ്രശസ്തയായ മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ (26) ജീവനൊടുക്കി. അമിതമായി ഗുളികകള്‍ കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ സാന്‍ പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ചില്‍ ചികിത്സയിലിരിക്കെയാണ് മരണം. സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മര്‍ദവുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.

പിതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് സാന്‍ അമിതമായി ഗുളികകള്‍ കഴിച്ചത്. അവശനിലയിലായതിനെത്തുടര്‍ന്ന് ആദ്യം സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍, സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജിപ്മെറില്‍ എത്തിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മര്‍ദവുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിനായി സമീപമാസങ്ങളില്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെ സാന്‍ വിറ്റിരുന്നു. പിതാവില്‍നിന്ന് സാമ്പത്തികസഹായം പ്രതീക്ഷിച്ചിരുന്നെന്നും, എന്നാല്‍ മകനോടുള്ള ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം നിസഹായവസ്ഥ പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് പറയുന്ന സാനിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെയായിരുന്നു സാനിന്റെ വിവാഹം. അതിനാല്‍ മരണത്തില്‍ തഹസില്‍ദാര്‍ തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദാമ്പത്യബന്ധത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും, അവ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കും.

മോഡലിംഗ് രംഗത്ത് തന്റേതായ ഇടം സൃഷ്ടിച്ചെടുക്കുകയായിരുന്നു സാന്‍. ഇന്ത്യന്‍ സിനിമയിലും ഫാഷന്‍ രംഗത്തും വേരുപടര്‍ത്തിയ സൗന്ദര്യ-ശരീര നിറ സങ്കല്‍പ്പങ്ങളെ അവര്‍ ചോദ്യം ചെയ്തു. ഇരുണ്ട നിറമുള്ളവര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ലഭിക്കുന്ന വേദികളും പ്രയോജനപ്പെടുത്തിയ സാന്‍ റേച്ചല്‍ 2022ലാണ് മിസ് പുതുച്ചേരിയായി തിരഞ്ഞെടുക്കപ്പെട്ടത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.

ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT