ഡൽഹി: സ്ത്രീധന പീഡനങ്ങൾക്ക് പിന്നാലെ നാലു മാസം ഗർഭിണിയായ പൊലീസുകാരിയായ സുരക്ഷാ ഉദ്യോഗസ്ഥയെ ഡംബെൽ കൊണ്ട് തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ഡൽഹി പൊലീസിലെ സ്പെഷ്യൽ വെപ്പൺ ആൻഡ് ടാക്ടിക്സ് വിഭാഗത്തിലെ കമാൻഡോ ഉദ്യോഗസ്ഥയായിരുന്ന 27കാരിയായ കാജൽ ചൗധരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
ജനുവരി 22നാണ് പ്രതിരോധ മന്ത്രാലയത്തിൽ ക്ലർക്കായ ഭർത്താവ് അങ്കുർ കാജലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരവെ ചൊവ്വാഴ്ചയാണ് മരിച്ചത്.
ആക്രമിക്കപ്പെട്ട ദിവസം സഹോദരി തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് കാജലിൻ്റെ സഹോദരനായ നിഖിൽ പറഞ്ഞു. ഫോണിൽ തന്നോട് സംസാരിക്കുന്നതിന് ഇടയിലാണ് കാജലിനെ ഡംബൽ കൊണ്ട് ഭർത്താവ് ആക്രമിച്ചത്. പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് നിഖിൽ. പിന്നീട് അങ്കുർ തന്നെയാണ് ഫോണിലൂടെ നടന്ന സംഭവങ്ങൾ അറിയിച്ചത്.
അമ്മായിയമ്മയും ഭർത്താവിൻ്റെ രണ്ട് സഹോദരിമാരും കാജലിനെ നിരന്തരം സ്ത്രീധനത്തിൻ്റെ പേരിൽ മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു എന്നും കുടുംബം ആരോപിച്ചു. കാജലിൻ്റെ മാതാപിതാക്കളിൽ നിന്ന് അങ്കുർ നിർബന്ധപൂർവം പണം വാങ്ങിയതായും തെളിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത ഡൽഹി പൊലീസ് അങ്കുറിനെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. 2022ലാണ് കാജൽ ചൗധരി ഡൽഹി പൊലീസിൽ സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (SWAT) ടീമിൽ ജോലി നേടിയത്. ഡൽഹി കൻ്റോൺമെൻ്റിൽ ക്ലർക്കായി നിയമിതനായിരുന്ന അങ്കുറിനെ 2023ലാണ് അവർ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒന്നര വയസ്സുള്ള ഒരു മകനുമുണ്ട്.