NATIONAL

കേന്ദ്ര ബജറ്റ് 2026: വില കൂടുകയും കുറയുകയും ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഏതൊക്കെ?

ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നതും സാധനങ്ങളുടെ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിൽ പൊതുജനങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വില കുറയുന്നതും കൂടുന്നതുമായ സാധനങ്ങളിലാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നതും സാധനങ്ങളുടെ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ്.

വിദേശ വിനോദ സഞ്ചാര പാക്കേജുകൾ, ഊർജ പരിവർത്തന ഉപകരണങ്ങൾ, സൗരോർജ ഗ്ലാസ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, അപൂർവ രോഗങ്ങൾക്കും കാൻസറിനും വേണ്ടിയുള്ള മരുന്നുകൾ എന്നിവയുടെ ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ കുറച്ചതും ഒഴിവാക്കിയതും വിലക്കുറവിന് കാരണമാകും.

ഒരു മണിക്കൂറും 25 മിനിറ്റും നീണ്ട ബജറ്റ് അവതരണത്തിൽ ആദായ നികുതി സ്ലാബുകളിലെയും നിരക്കുകളിലെയും മാറ്റങ്ങളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ, വിവിധ മേഖലകളിൽ പ്രത്യേകിച്ച് അമേരിക്കൻ താരിഫുകളുടെ ആഘാതം നേരിടുന്ന കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളിൽ ഈ ബജറ്റ് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. നിർമല സീതാരാമൻ്റെ 2026ലെ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രകാരം വില കുറയുന്നവയുടേയും കൂടുന്നവയുടേയും പട്ടിക താഴെ നൽകുന്നു.

വില കുറയുന്നവ

  • 17 കാൻസർ മരുന്നുകൾ (ജീവൻ രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവ കുറച്ചതിനാൽ കാൻസർ ചികിത്സാ ചെലവ് കുറയും)

  • അപൂർവമായ ഏഴ് രോഗങ്ങൾക്കുള്ള മരുന്നുകളുടെ ഇറക്കുമതിക്ക് പൂർണ നികുതി ഇളവ് പ്രഖ്യാപിച്ചു

  • സ്മാർട്ട്ഫോണുകൾ (മൊബൈൽ ഫോണുകളുടെയും ഘടകഭാഗങ്ങളുടെയും നികുതി കുറച്ചു)

  • ഇലക്ട്രിക് വാഹന (EV) ബാറ്ററികൾ (ലിഥിയം അയോൺ ബാറ്ററികളുടെ നികുതി കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാൻ സാധ്യതയുണ്ട്)

  • സോളാർ പാനലുകൾ (പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സോളാർ പാനലുകൾക്ക് വില കുറയും)

  • കായിക ഉപകരണങ്ങൾ (ഇന്ത്യയെ ഒരു കായിക ഹബ്ബാക്കി മാറ്റുന്നതിൻ്റെ ഭാഗമായി ഇവയുടെ നികുതി കുറച്ചു)

  • തുകൽ ഉൽപ്പന്നങ്ങൾ (ചെരിപ്പുകൾ, ബാഗുകൾ തുടങ്ങിയ തോൽ ഉൽപ്പന്നങ്ങൾക്ക് വില കുറയും)

  • മൈക്രോവേവ് ഓവനുകൾ (അടുക്കള ഉപകരണങ്ങളുടെ വിലയിലും കുറവുണ്ടാകും)

  • വിദേശ യാത്രകൾക്ക് ചെലവ് കുറയും

  • സിഎൻജി അടങ്ങിയ ബയോഗ്യാസിന് വില കുറയും

വില കൂടുന്നവ

  • മദ്യം (മദ്യത്തിന്മേലുള്ള നികുതി വർധിപ്പിച്ചതിനാൽ ഇവയ്ക്ക് വില കൂടും)

  • ധാതുക്കൾ (ചില ധാതുക്കളുടെ വില വർധിക്കാൻ സാധ്യതയുണ്ട്)

  • ആക്രി സാധനങ്ങൾ (സ്ക്രാപ്പ് ഉൽപ്പന്നങ്ങൾക്ക് വില കൂടും)

  • ഓഹരി വിപണി (ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ട്രേഡിംഗിന് ചെലവ് വർധിക്കും)

  • കോഫി ഉൽപ്പാദനത്തിനുള്ള ബ്രൂവിങ്, റോസ്റ്റിങ്, വെൻഡിങ് മെഷീനുകൾക്ക് വില കൂടും (ഫെബ്രുവരി 2 മുതൽ നികുതിയിളവ് പിൻവലിച്ചിട്ടുണ്ട്).

  • അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന കീടനാശിനികൾക്ക് വില കൂടും (ഇവയ്ക്കുള്ള നികുതിയിളവ് പിൻവലിച്ചിട്ടുണ്ട്).

  • ടിവി ഉൽപ്പാദന വസ്തുക്കൾ (ഇവയ്ക്ക് നേരത്തെ ഉണ്ടായിരുന്ന ഇറക്കുമതി ഇളവ് പിൻവലിച്ചു, ഏപ്രിൽ ഒന്നിന് വില വർധിക്കും).

  • സിനിമാ നിർമാണവുമായി ബന്ധപ്പെട്ട ക്യാമറകൾക്കും മറ്റു ഉപകരണങ്ങൾക്കും വില കൂടും (നികുതിയിളവ് പിൻവലിച്ചിട്ടുണ്ട്, ഏപ്രിൽ ഒന്നിന് വില വർധിക്കും).

  • ഫോട്ടോഗ്രാഫിക് മേഖല, സിനിമാ മേഖല, സൗണ്ട് റെക്കോർഡിങ് മേഖലയിലെ ഉപകരണങ്ങൾക്കും വില വർധന ഭാഗമാകും.

  • ഡിജിറ്റൽ ക്യാമറ

  • വീഡിയോ ഗെയിമിങ് ആൻഡ് സോഫ്റ്റ്‍‌വെയർ

SCROLL FOR NEXT