ഡൽഹി: രാജ്യത്തെ അനധികൃത കുടിയേറ്റ വിഷയത്തിൽ കോൺഗ്രസ്-ബിജെപി ഭിന്നത രൂക്ഷമായതിന് പിന്നാലെ വാക്പോരുമായി ഏറ്റുമുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും, അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ അസമിൽ സ്ഥിരതാമസമാക്കട്ടെ എന്നാണ് അവരുടെ ആഗ്രഹമെന്നും പ്രധാനമന്ത്രി വിമർശിച്ചു.
അതേസമയം, മോദി നയിക്കുന്ന ബിജെപി സർക്കാരിൻ്റെ ഭരണപരാജയം മറച്ചുവയ്ക്കാൻ അവർ ഓരോ ഒഴിവുകഴിവ് പറയുകയാണെന്നും, നല്ലരീതിയിൽ ഭരിക്കാൻ കഴിയാത്തതിൻ്റെ നിരാശ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി തീർക്കുകയാണെന്നും മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.
"കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ അസമിലെ വനങ്ങളിലും ഭൂമിയിലും സ്ഥിരതാമസമാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. കോൺഗ്രസുകാർക്ക് അവരുടെ വോട്ട് ബാങ്ക് ശക്തിപ്പെടുത്താൻ മാത്രമെ ആഗ്രഹമുള്ളൂ, ജനങ്ങളെ ശ്രദ്ധിക്കുന്നില്ല," അസമിലെ നംരൂപിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
"കോൺഗ്രസ് വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർക്കുന്നത് അധികാരം പിടിച്ചെടുക്കാൻ വേണ്ടി മാത്രമാണ്. ഞാൻ എന്ത് നന്മ ചെയ്യാൻ ശ്രമിച്ചാലും അവർ അതിനെ എതിർക്കുന്നു. അസമീസ് ജനതയുടെ സ്വത്വം, ഭൂമി, അഭിമാനം, നിലനിൽപ്പ് എന്നിവ സംരക്ഷിക്കാൻ ബിജെപി സർക്കാർ എപ്പോഴും പ്രവർത്തിക്കും. മുൻകാലങ്ങളിൽ കോൺഗ്രസ് ഈ രാജ്യത്ത് വളരെയധികം തെറ്റുകൾ വരുത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ 11 വർഷമായി അവ തിരുത്തുന്നുണ്ട്. എന്നാൽ എല്ലാം ശരിയായ പാതയിലേക്ക് കൊണ്ടുവരാൻ ഇനിയും ധാരാളം കാര്യങ്ങൾ ബാക്കിയുണ്ട്," മോദി കൂട്ടിച്ചേർത്തു. ദിബ്രുഗഡ് ജില്ലയിലെ നംരൂപിൽ 10,601 കോടി രൂപയുടെ വളം പ്ലാൻ്റ് ഉദ്ഘാടനം ചെയ്ത ശേഷം പൊതു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികളെ എങ്ങനെ കുറ്റപ്പെടുത്താനാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചോദിച്ചു. "കേന്ദ്രത്തിലും അസമിലും ബിജെപിക്ക് സ്വന്തം സർക്കാരുണ്ട്. അതിനെയാണ് ഡബിൾ എഞ്ചിൻ സർക്കാർ എന്ന് വിളിക്കുന്നത്. അവർ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ, പ്രതിപക്ഷ പാർട്ടികളെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും? നമ്മളാണോ അവിടെ ഭരിക്കുന്നത്?," ഖാർഗെ ചോദിച്ചു.
"മോദി ഭരണത്തിൽ പരാജയപ്പെടുമ്പോഴെല്ലാം കുറ്റം പ്രതിപക്ഷത്തിൻ്റെ മേലാണ് വയ്ക്കുന്നത്. അത്തരം പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. ബിജെപി സർക്കാർ എല്ലാം നശിപ്പിക്കുന്നവരാണ്, ഞങ്ങൾ അങ്ങനെയുള്ളവരല്ല. ഞങ്ങൾ ആരെയും സംരക്ഷിക്കുന്നില്ല. രാജ്യത്തിൻ്റെ താൽപ്പര്യാർഥം ഞങ്ങൾ എന്ത് നന്മ ചെയ്താലും വിമർശിക്കുകയാണ്. തീവ്രവാദികളെയോ നുഴഞ്ഞുകയറ്റക്കാരെയോ മറ്റുള്ളവരെയോ കോൺഗ്രസ് പിന്തുണയ്ക്കുന്നില്ല. രാജ്യത്തെ സംരക്ഷിക്കുന്നതിലും ശത്രുക്കളെ തടയുന്നതിലും പരാജയപ്പെട്ടതിനാലാണ് ആ കുറ്റം മറയ്ക്കാൻ പ്രധാനമന്ത്രി കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത്," ഖാർഗെ കൂട്ടിച്ചേർത്തു.