ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ പ്രതിസന്ധിക്കിടെ, യുഎഇയില്‍ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ദൃഢമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സന്ദര്‍ശനം.
അബുദാബിയില്‍ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യാപാരം, നിക്ഷേപം, ഊര്‍ജ സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ ചര്‍ച്ചയായി. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്, സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് എന്നീ മേഖലകളില്‍ പ്രധാനപ്പെട്ട രണ്ട് ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനുള്ള ചട്ടക്കൂടിന്‍മേല്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഗുജറാത്തിലെ ദ്വാരക ജില്ലയിലുള്ള വാടിനാര്‍ നഗരത്തില്‍ കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും ഒപ്പുവെച്ചു. ഇതോടൊപ്പം, ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആര്‍ബിഎല്‍ ബാങ്ക്, സമ്മാന്‍ കാപ്പിറ്റല്‍ എന്നിവയിലായി 5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും പ്രഖ്യാപിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഈ കരാറുകള്‍ സഹായിക്കും. സന്ദര്‍ശന വേളയില്‍ യുഎഇക്കെതിരെ ഇറാന്‍ നടത്തിയ ആക്രമങ്ങളേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.
യുഎഇക്കു പുറമെ, നെതര്‍ലന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വെ, ഇറ്റലി എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് തുടക്കമിട്ടാണ് പ്രധാനമന്ത്രി യുഎഇയില്‍ എത്തിയത്.