പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എട്ട് ദിവസത്തെ ബഹുരാഷ്ട്ര പര്യടനത്തിന് തുടക്കമായി. ഘാന, അർജന്റീന, ബ്രസീൽ, നമീബിയ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക. ഇതിനിടെ ബ്രസീല്‍ വേദിയാകുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും.
10 വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശയാത്രയ്ക്കാണ് ഇന്ന് തുടക്കമായത്. ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങളുമായുള്ള ധാതുകരാറുകളും വ്യാപാരം, ഊർജം, പ്രതിരോധം അടക്കമുള്ള മേഖലകളിലെ സഹകരണവുമാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഘാനയില്‍ നിന്ന് തുടങ്ങുന്ന പര്യടനം ജൂലൈ 9 ന് നമീബിയയില്‍ അവസാനിക്കും. ഘാനയിലേക്കുള്ള നരേന്ദ്ര മോദിയുടെ ആദ്യ യാത്രയാണിത്. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്. ഇന്ത്യയിലെ സ്വർണ ഇറക്കുമതിയുടെ 70 ശതമാനവും ഘാനയിൽ നിന്നാണ്. അതിനാൽ വ്യാപാരവുമായി ബന്ധപ്പെട്ട പുതിയ കരാറുകളും സഹകരണങ്ങളും ഉണ്ടായേക്കും.
ജൂലൈ 3ന് പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലേക്ക് തിരിക്കും. 1999 ന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെയെത്തുന്നത്. പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗലൂ, പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ എന്നിവരുമായി മോദി ചർച്ച നടത്തും. അവരുടെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ജൂലൈ നാല് മുതൽ അഞ്ച് ദിവസങ്ങളിലാകും അർജൻ്റീന സന്ദർശനം. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഇന്ത്യ അർജൻ്റീന പങ്കാളിത്തം മെച്ചെപ്പെടുത്തുന്നതിനുള്ള വഴികളായിരിക്കും പ്രധാന ചർച്ച.
ജൂലൈ അഞ്ച് മുതൽ എട്ടുവരെ പ്രധാനമന്ത്രി ബ്രസീലിൽ. റിയോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. ജൂലൈ ഒൻപതിന് മോദി നമീബിയയിൽ എത്തും. നമീബിയയിലും പ്രധാനമന്ത്രി ഇതാദ്യമാണ്. നമീബിയൻ പാർലമെൻ്റിനെയും മോദി അഭിസംബോധന ചെയ്തേക്കും. 2015 ജൂലൈയിൽ നടത്തിയ റഷ്യയടക്കം ഏഷ്യൻ രാജ്യങ്ങളിലേക്ക് നടത്തിയ എട്ട് ദിവസം നീണ്ടുനിന്ന വിദേശ യാത്രയായിരുന്നു ഇതിന് മുമ്പ് പ്രധാനമന്ത്രി നടത്തിയ വലിയ യാത്ര.