ബെംഗളൂരു: തമിഴ്നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടാനുള്ള കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി നിര്‍ദേശത്തില്‍ പ്രതിഷേധം ശക്തമായി. ഇതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് 13ന് ബന്ദ് നടത്താന്‍ വിവിധ കന്നഡ സംഘടനകൾ തീരുമാനിച്ചു.
സംസ്ഥാനത്തുടനീളമുള്ള 1600-ലധികം കന്നഡ സംഘടനകളുടെയും 1,000-ത്തിലധികം മറ്റ് സംഘടനകളുടെയും പിന്തുണ ബന്ദിനുണ്ട്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സും നിരവധി വ്യാപാര സംഘടനകളും പിന്തുണ നൽകുന്നുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള അന്തര്‍സംസ്ഥാന നദീജല തര്‍ക്കമാണിത്.
15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്‌സ് കാവേരി വെള്ളം തമിഴ്നാട്ടിലേക്ക് തുറന്നുവിടാന്‍ കര്‍ണാടകയോട് ആവശ്യപ്പെട്ടുകൊണ്ട് കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവ് കാവേരി വാട്ടര്‍ മാനേജ്മെൻ്റ് അതോറിറ്റി ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബന്ദിനുള്ള ആഹ്വാനം.
കാലവര്‍ഷത്തിലെ കുറവ് മൂലം വെള്ളം കുറഞ്ഞിരിക്കുകയാണെന്ന കര്‍ണാടകയുടെ വാദം തള്ളിക്കൊണ്ടാണ് അതോറിറ്റി തീരുമാനമെടുത്തത്. കാവേരി ജലവിതരണ കരാര്‍ പ്രകാരം നിശ്ചയിച്ചിരുന്ന അളവില്‍ വെള്ളം നല്‍കുന്നതില്‍ കര്‍ണാടക വലിയ വീഴ്ച വരുത്തിയെന്ന് തമിഴ്നാട് വാദിച്ചതിനെ തുടര്‍ന്ന് ജൂലൈ 28-നാണ് സിഡബ്ല്യുആര്‍സി ആദ്യ നിര്‍ദേശം പുറപ്പെടുവിച്ചത്.