പാട്യാല: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ വൻ വിദ്യാർഥി പ്രതിഷേധം. നിരവധി വാഹനങ്ങൾക്ക് തീയിടുകയും സർവകലാശാലയുടെ വിവിധ ഭാഗങ്ങളിൽ അക്രമം നടക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വിദ്യാർഥികളുമായി സംസാരിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് വിവരം.
ചണ്ഡീഗഡ്–അമൃത്സർ ദേശീയപാതയിലെ ഗതാഗതം വിദ്യാർഥികൾ തടഞ്ഞു. സർവകലാശാലയിലെ ഗേൾസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിയെ ഹോസ്റ്റൽ ജീവനക്കാരൻ പീഡനത്തിനിരയാക്കിയതായാണ് ആരോപണം. തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പെൺകുട്ടിയുടെ മരണവാർത്ത പുറത്തുവന്നതോടെ വിദ്യാർഥികൾ ഒന്നടങ്കം സംഘടിക്കുകയായിരുന്നു. സർവകലാശാലയിലെ വാഹനങ്ങൾക്കും ഉപകരണങ്ങൾക്കും തീയിടുകയും വലിയ കേടുപാടുകൾ വരുത്തുകയും ചെയ്തു.
ഹോസ്റ്റലിലെ ഇലക്ട്രിക്കൽ ജീവനക്കാരനാണ് വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയതെന്നാണ് സൂചന. ഇലക്ട്രിക്കൽ ജീവനക്കാരന് പുറമെ മറ്റു രണ്ടുപേർക്ക് കൂടി പങ്കുണ്ടെന്ന രീതിയിൽ ചില സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്.