ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ഇന്ന് കുതിക്കും. രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് ഇന്ത്യൻ സമയം 10:17നാണ് വിക്ഷേപിക്കുക. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ ഉൾപ്പെടെ പതിനഞ്ചിലധികം ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിലുള്ളത്. മൗറീഷ്യസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 18 സഹ-പാസഞ്ചർ ഉപഗ്രഹങ്ങളും യൂറോപ്യൻ ഡെമോൺസ്ട്രേറ്ററായ കെസ്ട്രൽ ഇനീഷ്യൽ ഡെമോൺസ്ട്രേറ്ററും ഇതിൽ ഉൾപ്പെടുന്നു. ഹൈപ്പർ സ്പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹമാണ് അന്വേഷ. കൃഷി, നഗരഭൂപടം, പരിസ്ഥിതി വിശകലനം എന്നീ വിഷയങ്ങളിലെ തന്ത്രപരമായ നിരീക്ഷണത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് ഇത് വികസിപ്പിച്ചെടുത്തത്.
ഇന്ത്യൻ സ്റ്റാർട്ടപ്പായ ഓർബിറ്റ് എയിഡിൻ്റെ ആയുൽസാറ്റ് ഉപഗ്രഹം ബഹിരാകാശത്ത് വച്ച് ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യമിടുന്നത്. ഇത് വിജയിക്കുകയാണെങ്കിൽ അത് ബഹിരാകാശ ദൗത്യത്തിലെ തന്നെ നാഴികകല്ലാകും.
2025 മേയ് പതിനെട്ടിനായിരുന്നു പരാജയപ്പെട്ട പിഎസ്എൽവി സി 61ൻ്റെ വിക്ഷേപണം. വിക്ഷേപിച്ച് എട്ട് മിനിറ്റിന് ശേഷം ദൗത്യം പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. റോക്കറ്റിൻ്റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്നമായിരുന്നു വിക്ഷേപത്തിന് തടസമായത്. എന്നാൽ ഇതിൻ്റെ പരാജയം സംബന്ധിച്ച അന്വേഷണ സമിതി റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.