തകർന്ന പാലത്തിൻ്റെ ദൃശ്യങ്ങൾ Source: X/ @prajapatibipin_, @utkarshs88
NATIONAL

ഗുജറാത്തിൽ പാലം തകർന്ന് 11 പേർ മരിച്ച സംഭവം: സർക്കാരിനെതിരെ ജനരോഷം കടക്കുന്നു

പാലം അപകടാവസ്ഥയിലാണെന്ന് അധികൃതരെ അറിയിച്ചിട്ടും നടപടിയുമുണ്ടായില്ലെന്നാണ് ജനങ്ങളുടെ ആരോപണം

Author : ന്യൂസ് ഡെസ്ക്

ഗുജറാത്തിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് 11 പേർ മരിച്ച സംഭവത്തിൽ ജനരോക്ഷം കനക്കുന്നു. തകർന്ന പാലത്തിൻ്റെ അപകടാവസ്ഥ പല തവണ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് ജനങ്ങളുടെ ആരോപണം.

പാലം സുരക്ഷിതമല്ലെന്നും , ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കൾ റോഡ് ആൻഡ് ബിൽഡിങ്ങ് വകുപ്പിന് കത്തെഴുതിയിരുന്നു. 2022 ഓഗസ്റ്റിൽ പാലത്തിലൂടെയുള്ള വാഹനങ്ങൾക്ക് അനുമതി നിഷേധിക്കണമെന്നും പുതിയപാലം നിർമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വഡോദര ജില്ലാ കളക്ട്രേറ്റിൽ പ്രാദേശിക നേതാക്കൾ പലതവണ കയറിയിറങ്ങിയതിൻ്റെ തെളിവുകളും പുറത്തുവിട്ടു. എന്നാൽ ഈ ആവശ്യങ്ങൾക്കൊന്നും അന്ന് നടപടിയുണ്ടായില്ല.

പിന്നീട് പുതിയ പാലം നിർമിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും പഴയ പാലം അടച്ചില്ല. വലിയ വാഹനങ്ങൾക്കടക്കം പോകാൻ അനുമതി നൽകി. ചെറിയ വാഹനങ്ങൾ പോകുമ്പോൾ പോലും പാലം വലിയ രീതിയിൽ കുലുങ്ങുമായിരുന്നു എന്നിട്ടും പാലം അടയ്ക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചില്ല. അതിനിടയിലാണ് ഇന്നലെ അപകടമുണ്ടായത്.

മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.1986 ൽ പണി കഴിഞ്ഞ 40 വർഷം പഴക്കമുള്ള പാലത്തിൻ്റെ സ്ലാബ് തകർന്ന് പുഴയിൽ പതിക്കുകയായിരുന്നു. നദിയിൽ പതിച്ച അഞ്ച് വാഹനങ്ങളിലുണ്ടായിരുന്നവരാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT