പൂനെ: പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതി സിയ ഗോയലിന്റെ മാതാപിതാക്കള്‍. സിയയെ കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ അവളെ തൂക്കികൊല്ലണമെന്നാണ് അമ്മയുടെ പ്രതികരണം.
"കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാല്‍ ഏറ്റവും ശക്തമായ ശിക്ഷ തന്നെ ലഭിക്കണം. തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ തൂക്കി കൊല്ലണം. ഒരു അമ്മയാണ് ഈ പറയുന്നത്," സിയയുടെ അമ്മ ന്യൂസ് ഡോട്ടിനോട് പറഞ്ഞു.
സിയയുടെ പിതാവും സമാനമായ പ്രതികരണം തന്നെയാണ് നടത്തിയത്. കുറ്റം ചെയ്തത് ആരായാലും, അതെന്റെ മകളായാലും തൂക്കി കൊല്ലണം,' പിതാവ് പറഞ്ഞു.
സിയയുടെ പിതാവ് പ്രവീണ്‍ ഗോയല്‍ ഹൃദയാഘാതമുണ്ടായതിന് ശേഷം ജൂണ്‍ 23 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് പറയുന്നതനുസരിച്ച് പ്രതിശ്രുത വരനായ കേതന്‍ അഗര്‍വാളിനെ സിയ ഗോയലും ആണ്‍ സുഹൃത്ത് ബാബുലാല്‍ ചൗധരിയും ചേര്‍ന്ന് ട്രക്കിങ്ങിനിടെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ സഹ്യാദ്രി റേഞ്ചിലെ ലോഹാഗദ് കോട്ടയില്‍ വച്ചാണ് കൊലപാതകം നടത്തിയത്.
ആദ്യഘട്ടത്തില്‍ അപകട മരണമായിട്ടായിരുന്നു പൊലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കേതന്റെ കുടുംബവും സുഹൃത്തുക്കളും മരണത്തില്‍ സംശയമുയര്‍ത്തി മുന്നോട്ടു വന്നതോടെയാണ് അന്വേഷണവുമായി മുമ്പോട്ടു പോകാന്‍ പൊലീസ് തീരുമാനിച്ചത്. പൊലീസ് സിയയുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ മണത്തു. മൊബൈല്‍ ഡാറ്റ, കോള്‍ റെക്കോര്‍ഡുകള്‍, സ്ഥലത്തുണ്ടായിരുന്ന ആളുകളുടെ മൊഴികള്‍ എന്നിവയെല്ലാം പരിശോധിച്ചു.
എന്നാല്‍ സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സിയയും ചേതന്‍ ചൗധരിയും കഫേയില്‍ വച്ച് കണ്ടിരുന്നു. ഇത് പുറത്തുവന്നതോടെയാണ് കേസില്‍ ഇരുവരുടെയും പങ്കിനെക്കുറിച്ചുള്ള ചുരുളഴിയുന്നത്. തുടര്‍ന്ന് സിയയേയും കാമുകനേയും കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് ഇരുവരും ചേര്‍ന്ന് കേതനെ തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന ക്രൂര കുറ്റകൃത്യം പുറത്തു വന്നത്.
രണ്ട് പേര്‍ക്കുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചേര്‍ത്ത കേസെടുത്തിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്യാനായാണ് ഇരുവരും കഫേയില്‍ വച്ച് കണ്ടതെന്നും പൊലീസ് പറയുന്നു.
കേതന്റെ പ്രതിശ്രുത വധുവായ സിയയ്ക്ക് ഈ വിവാഹത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. കേതനെ ഒഴിവാക്കാന്‍ കാമുകന്റെ സഹായം തേടിയ സിയ കേതന്റെ ജന്മദിനത്തില്‍ ട്രെക്കിങ്ങിനായി ഇയാളെ ലോഹഗഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിന് മുമ്പും ഇതേ സ്ഥലത്തു വച്ചു തന്നെ കൊലപാതക ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു. പിന്നീടാണ് സിയയുടെ ജന്മദിനം ഇതിനായി തെരഞ്ഞെടുത്തത്. പിന്നീട് ഇരുവരും ചേര്‍ന്ന് വിദഗ്ധമായി കൊലപാതകം നടപ്പിലാക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.