ചണ്ഢീഗഡ്: ബലാത്സംഗ കേസിൽ പ്രതിയായ പഞ്ചാബ് എംഎൽഎയ്ക്കായി തെരച്ചിൽ ഊർജിതം. സനൂരിൽ നിന്നുള്ള എഎപി എംഎൽഎ ഹർമീത് പത്തൻമജ്രയ്ക്കായുള്ള തെരച്ചിലാണ് ഊർജിതമാക്കിയത്. പൊലീസ് കസ്റ്റഡിയിൽ നിന്നാണ് എംഎൽഎ രക്ഷപ്പെട്ടത്. എംഎൽഎ രക്ഷപ്പെട്ട വാഹനത്തിന് പുറമേ, മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ സഹായികൾ ചേർന്ന് പൊലീസിന് നേരെ വെടിയുതിർക്കുകയും, തുടർന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.
പട്ട്യാല ജില്ലയിലെ സനൂർ മണ്ഡലത്തിലെ എംഎൽഎയാണ് ഹർമീത് പത്തൻമജ്ര. ഇന്ന് രാവിലെയാണ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സാഹസികമായ രക്ഷപ്പെടൽ നടത്തിയത്. രണ്ട് വാഹനത്തിൽ ഒന്നിനെ തടയാൻ പൊലീസിന് സാധിച്ചു. എന്നാൽ ആ വാഹനത്തിൽ സഹായികൾ മാത്രമാണ് ഉണ്ടായിരുന്നത്.
എംഎൽഎ വിവാഹമോചിതനാണെന്ന് കള്ളം പറഞ്ഞിട്ടാണ് താനുമായി ബന്ധത്തിലേർപ്പെട്ടതെന്ന് പരാതിക്കാരി പറഞ്ഞു. എംഎൽഎയ്‌ക്കെതിരെ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ,ലൈംഗിക ചൂഷണം, അശ്ലീല ദൃശ്യങ്ങൾ അയയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.