NATIONAL

"ആം ആദ്മി പാര്‍ട്ടി അതിന്റെ ധാര്‍മിക മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചു"; ബിജെപിയില്‍ ചേര്‍ന്ന് രാഘവ് ഛദ്ദ

ആം ആദ്മി പാര്‍ട്ടിയുമായി അകലം പാലിക്കുമെന്നും ഇനി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണെന്നും രാഘവ് ഛദ്ദ

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യസഭാ എംപി രാഘവ് ഛദ്ദ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. രാഘവ് ഛദ്ദയ്‌ക്കൊപ്പം ആറ് എഎപി എംപിമാരും ബിജെപിയില്‍ ചേര്‍ന്നു. അശോക് മിത്തല്‍, സന്ദീപ് പഥക് അടക്കമുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. കൂടുതല്‍ പേര്‍ പാര്‍ട്ടിവിടാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും ഛദ്ദ പറഞ്ഞു.

"എന്റെ യുവത്വത്തിന്റെ 15 വര്‍ഷം നല്‍കി, എന്റെ രക്തവും വിയര്‍പ്പും കൊണ്ട് ഞാന്‍ വളര്‍ത്തിയ ആം ആദ്മി പാര്‍ട്ടി ഇന്ന് അതിന്റെ ധാര്‍മിക മൂല്യങ്ങളില്‍ നിന്നും പൂര്‍ണമായും മാറിയിരിക്കുന്നു. പാര്‍ട്ടി ഈ രാജ്യത്തിനോ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കോ വേണ്ടിയല്ല, സ്വന്തം നേട്ടത്തിന് വേണ്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്," രാഘവ് ഛദ്ദ പറഞ്ഞു.

രാഘവ് ഛദ്ദയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് താന്‍ പാര്‍ട്ടി വിടുന്നുവെന്നും ബിജെപിയില്‍ ചേരുന്നുവെന്നും പ്രഖ്യാപിച്ചത്. സ്വാതി മലിവാള്‍, ഹര്‍ഭജന്‍ സിംഗ്, അ രജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിയില്‍ എത്തുമെന്ന് രാഘവ് ഛദ്ദ പറഞ്ഞു.

"നിങ്ങളില്‍ പലരും എന്നോട് ഇത് കുറച്ച് വര്‍ഷമായി പറയുന്നുണ്ടല്ലോ. ഇപ്പോള്‍ എനിക്കും തോന്നി ഞാന്‍ ശരിയായ ആളാണ്, പക്ഷെ ഇത്രയും കാലം നിന്നത് തെറ്റായ സ്ഥലത്താണെന്ന്. ഒന്നുകൂടി ആവര്‍ത്തിക്കുന്നു; തെറ്റായ പാര്‍ട്ടിയിലെ ശരിയായ വ്യക്തിയാണ് ഞാന്‍. ആംആദ്മി പാര്‍ട്ടിയുമായി അകലം പാലിക്കുമെന്നും ഇനി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണെന്നും ഇന്നു മുതല്‍ ഞാന്‍ പ്രഖ്യാപിക്കുകയാണ്," രാഘവ് ഛദ്ദ പറഞ്ഞു.

തുടര്‍ച്ചയായി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നില്ല, ഗൗരവമുള്ള വിഷയങ്ങളില്‍ നിശബ്ദത പാലിക്കുന്നു എന്നീ കാരണങ്ങള്‍ ഉന്നയിച്ചാണ് രാഘവ് ഛദ്ദയെ ഡെപ്യൂട്ടി ലീഡര്‍ പദവിയില്‍ നിന്ന് എഎപി പുറത്താക്കിയത്. നിശബ്ദനാക്കപ്പെട്ടെങ്കിലും പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് രാഘവ് ഛദ്ദ പറഞ്ഞത്.

SCROLL FOR NEXT