രാഹുൽ ഗാന്ധി 
NATIONAL

മോദി ശരിയെന്ന് തോന്നുന്നവരോട് കൈ പൊക്കാൻ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി; വാർത്താ സമ്മേളനത്തിൽ അനങ്ങാതെ മാധ്യമപ്രവർത്തകർ, വീഡിയോ വൈറൽ

ഒരൊറ്റ മാധ്യമപ്രവർത്തകൻ പോലും കൈ ഉയർത്തി നരേന്ദ്ര മോദി നയിക്കുന്ന സർക്കാരിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വോട്ട് ചോരി വിഷയത്തിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും എസ്.ഐ.ആർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം ഡൽഹിയുടെ തെരുവുകളിൽ പ്രതിഷേധം തുടരുകയാണ്. അതേസമയം ഇന്നത്തെ ഇൻഡ്യ മുന്നണിയുടെ പ്രതിഷേധ റാലിക്ക് മുന്നോടിയായി ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരു വാർത്താസമ്മേളനം വിളിച്ചു ചേർത്തിരുന്നു. അതിൻ്റെ അവസാനഘട്ടത്തിൽ രാഹുൽ മാധ്യമ പ്രവർത്തകരോട് ഒരു ചോദ്യം ഉന്നയിച്ചു.

"ഇവിടെ വന്നിരിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ആർക്കെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത് ശരിയാണെന്ന് അഭിപ്രായമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് കൈ പൊക്കാം," ചോദ്യത്തിന് പിന്നാലെ ക്യാമറ വാർത്താസമ്മേളനത്തിന് വന്ന മാധ്യമപ്രവർത്തകരിലേക്ക് തിരിക്കാനും രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ ഒരൊറ്റ മാധ്യമപ്രവർത്തകൻ പോലും കൈ ഉയർത്തി നരേന്ദ്ര മോദി നയിക്കുന്ന സർക്കാരിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന സമരക്കാരെ നേരിടുന്നതിനൊപ്പം തന്നെ അത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ ഡൽഹിയിലെ മാധ്യമ സംഘടനകൾ സംയുക്തമായി പ്രതിഷേധിച്ചിരുന്നു. രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നാണ് വിമർശനം ഉയർന്നത്. എന്നാൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിപ്രസ്താവം ഉണ്ടായിട്ട് പോലും ഡൽഹി പൊലീസും സുരക്ഷാ സേനയും മാധ്യമവേട്ട തുടരുകയായിരുന്നു.

ഇന്ത്യക്ക് നീതി ലഭിക്കുന്നത് വരെ ഇന്ത്യയിലെ യുവാക്കൾ വെറുതെയിരിക്കില്ലെന്നും എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും ഈ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് പിന്മാറില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭാവിസമരത്തെ കുറിച്ച് സൂചന നൽകി. "ഭരണഘടനയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഞങ്ങൾക്കൊപ്പം അണിചേരാം. ഇത് രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമല്ല. ഇത് ഇന്ത്യൻ ജനതയുടെ ഭാവി, അന്തസ്, ആത്മവിശ്വാസം, ഒപ്പം ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. ഇന്ത്യയിലെ മാധ്യമങ്ങൾ രാജ്യത്തിൻ്റെ സത്യാവസ്ഥ തുറന്നുകാണിക്കണം. നിങ്ങളുടെ മക്കളുടെ ഭാവിക്ക് വേണ്ടിയാണ് ഇതു ചെയ്യുന്നതെന്ന് നിങ്ങൾ തിരിച്ചറിയണം. ഈ രാജ്യത്തിൻ്റെ മുഴുവൻ സിസ്റ്റങ്ങളും മോദി സർക്കാർ തകർത്തിരിക്കുകയാണ്," രാഹുൽ പറഞ്ഞു.

SCROLL FOR NEXT