ബെർലിൻ: മ്യൂണിക്കിലെ ബിഎംഡബ്ല്യൂ പ്ലാൻ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി എംപി. ബിഎംഡബ്ല്യുവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ടിവിഎസിൻ്റെ 450 സിസി ബൈക്ക് കണ്ടതിൽ സന്തോഷമുണ്ടെന്ന് രാഹുൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.
ഇന്ത്യൻ എഞ്ചിനീയറിങ് ലോകവേദിയിൽ തിളങ്ങുന്നത് കാണുമ്പോൾ അഭിമാനം ഉണ്ടെന്നും, അതിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് അഭിമാനകരമായ നിമിഷമാണെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ഉൽപാദനമാണെന്നും എന്നാൽ, അത്തരത്തിലുള്ള ഉൽപാദനം ഇന്ത്യയിൽ കുറയുകയാണെന്ന വിമർശനവും രാഹുൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
ഇന്ത്യയിലെ നിർമാണ മേഖല ക്ഷയിച്ച കൊണ്ടിരിക്കുകയാണ് എന്നത് ദുഃഖകരമായ ഒന്നാണ്. രാജ്യത്തെ വളരെ വേഗത്തിലാക്കാൻ കൂടുതൽ ഉൽപ്പാദനം നടത്തേണ്ടതുണ്ട്. മികച്ച ഉൽപ്പന്നങ്ങൾ നിർമിക്കുകയും, വലിയ തോതിലുള്ളതും മികച്ചതുമായ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുകയും വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
"ഇന്ത്യയിൽ ഉൽപ്പാദനമേഖല വളരേണ്ടതുണ്ട്. ഏതൊരു രാജ്യത്തിൻ്റെയും വിജയത്തിന് താക്കോൽ ആകുന്നത് ഉൽപ്പാദനമാണ്. എന്നാൽ നമ്മളെ സംബന്ധിച്ച ഉൽപ്പാദനം കുറയുകയാണ്, അത് യഥാർഥത്തിൽ ഉയരേണ്ടതാണ്," രാഹുൽ പറഞ്ഞു.