ഡൽഹി: ബിജെപി നേതാവ് ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കാനാണ് നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുഷ്യന്ത് ഗൗതമിനെ നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു.
അങ്കിത ഭണ്ഡാരി കൊലക്കേസിൽ ആരോപണം നേരിടുന്ന വ്യക്തിയാണ് ദുഷ്യന്ത് ഗൗതം. കഴിഞ്ഞ ദിവസം അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യ ഗേറ്റിൽ ധർണ നടത്തിയിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ളവർ ഈ ധർണയിൽ പങ്കെടുത്തിരുന്നു.
ഉത്തരാഖണ്ഡിലെ ഒരു റിസോർട്ടിൽ 2022-ലാണ് അങ്കിത കൊല്ലപ്പെട്ടത്. ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നു അങ്കിത. 2022 സെപ്റ്റംബർ 18-ന് കൊല്ലപ്പെട്ട അങ്കിതയുടെ മൃതദേഹം നാലു ദിവസത്തിനുശേഷം ഒരു കനാലിൽനിന്നാണ് കണ്ടെടുത്തത്. ഈ കേസിൽ മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും മറ്റു രണ്ടുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഇവർക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. സംഭവത്തിൽ ഒരു വിഐപി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആരോപണം. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തരാഖണ്ഡിൻ്റെ ചുമതലയുണ്ടായിരുന്ന നേതാവുമായ ദുഷ്യന്ത് കുമാർ ഗൗതമിൻ്റെ പേരാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്.