ലഡാക്കിലെ സംഘർഷത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിലെ ജനതയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ബിജെപിയും ആർഎസ്എസും ആക്രമിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. ബിജെപിയുടെ കൊലയും, ആക്രമണവും, ഭീഷണിപ്പെടുത്തലും അവസാനിപ്പിക്കണമെന്നും ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും രാഹുൽ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
"ലഡാഖികൾ അവരുടെ അവകാശങ്ങൾ ചോദിച്ചു. നാല് യുവാക്കളെ കൊന്നും സോനം വാങ്ചുകിനെ ജയിലിലടച്ചും ബിജെപി പ്രതികരിച്ചു. അവർക്ക് അവരുടെ അവകാശം നൽകൂ, അവർക്ക് ആറാം ഷെഡ്യൂൾ നൽകൂ" . രാഹുൽ കുറിച്ചു. ലേയിൽ പൊലീസ് വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അക്രമം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് രാഹുലിന്റെ പ്രതികരണം. നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലാണ് രാഹുൽ.
ലഡാക്കിന് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ നാല് പേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലേയിൽ നിരാഹാര സമരം നടത്തിയിരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജോധ്പൂർ ജയിലിൽ അടച്ചു. യുവാക്കളെ പ്രകോപിപ്പിച്ചുവെന്നും, കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും, പാക്കിസ്ഥാൻ ബന്ധങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി നൽകണമെന്നും ഷെഡ്യൂൾ 6-ൽ ഉൾപ്പെടുത്തണമെന്നും, ആദിവാസി സമൂഹങ്ങൾക്ക് ഭരണം, ഭൂമി, വനം എന്നിവയിൽ പരിമിതമായ സ്വയംഭരണാവകാശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ലഡാക്കിലെ ജനങ്ങൾ മുന്നോട്ടു വന്നത്. സ്വന്തം സംസ്കാരത്തെയും വിഭവങ്ങളെയും ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങൾ സമരമുഖത്തിറങ്ങിയത്.
ഷെഡ്യൂൾ 6 അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണം, സ്വയംഭരണ ജില്ലാ കൗൺസിലുകൾ (എഡിസി), സ്വയംഭരണ പ്രാദേശിക കൗൺസിലുകൾ (എആർസി) എന്നിവയുടെ രൂപീകരണത്തിന് അധികാരം നൽകുന്നതാണ്. ആ വിഭാഗത്തിലേക്ക് ഉൾപ്പെടുത്തണം എന്നാണ് ലഡാഖികൾ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.