NATIONAL

രണ്ട് മണിക്കൂര്‍ കസ്റ്റഡി... ഒടുവില്‍, രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ ഇന്‍ഡ്യാ സഖ്യം നേതാക്കളെ പൊലീസ് വിട്ടയച്ചു

ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ കിങ്സ് വേ പൊലീസ് ട്രെയിനിങ് ക്യാമ്പില്‍നിന്ന് പുറത്തേക്കിറങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനും പ്രതിഷേധത്തിനുമൊടുവില്‍ കസ്റ്റഡിയിലെടുത്ത രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നേതാക്കളെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനു ശേഷമാണ് പൊലീസ് നേതാക്കളെ വിട്ടയച്ചത്. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടും രാഹുലും പ്രിയങ്കയും മറ്റു എംപിമാരും സമരം അവസാനിപ്പിച്ചിരുന്നില്ല. നേതാക്കളെ എത്തിച്ച കിങ്സ് വേ പൊലീസ് ട്രെയിനിങ് ക്യാമ്പ് സമരവേദിയായി മാറിയിരുന്നു. നേരത്തെ, നേതാക്കളുമായി പോയ വാഹനം തടയാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. വാഹനത്തിനു പുറത്തുകയറിയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ കിങ്സ് വേ പൊലീസ് ട്രെയിനിങ് ക്യാമ്പില്‍നിന്ന് പുറത്തേക്കിറങ്ങിയത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യാ സഖ്യം രാജ്യതലസ്ഥാനത്ത് നടത്തിയ സമരം ഒമ്പത് മണിക്കൂര്‍ പിന്നിട്ടതോടെയായിരുന്നു ഡല്‍ഹി പൊലീസിന്റെ കടുത്ത നടപടി. ആകാശവാണി വളപ്പില്‍ പ്രതിഷേധമിരുന്ന ജനപ്രതിനിധികളെ വളഞ്ഞ പൊലീസ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ എംപിമാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍, മാര്‍ച്ച് തടഞ്ഞും എംപിമാരെ കസ്റ്റഡിയിലെടുത്തും പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്താനുള്ള പൊലീസ് ശ്രമം വിജയം കണ്ടിട്ടില്ല. കൂടുതല്‍ എംപിമാരും, മറ്റു നേതാക്കളും സമരത്തിന്റെ ഭാഗമായി. കസ്റ്റഡിയിലെടുത്ത നേതാക്കളെ എത്തിച്ച കിങ്സ് വേ പൊലീസ് ട്രെയിനിങ് ക്യാമ്പും സമരവേദിയായി മാറിയിരുന്നു. രണ്ട് മണിക്കൂറിനൊടുവില്‍ നേതാക്കളെ പൊലീസ് വിട്ടയച്ചത്.

രാവിലെ പാർലമെന്റ് മന്ദിരത്തിൽ നിന്നും അശോക റോഡിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കായിരുന്നു പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച്. ഡൽഹി പൊലീസ് കെട്ടിയ സകല പ്രതിരോധങ്ങളെയെല്ലാം മറികടന്ന് എംപിമാര്‍ സൻസദ് മാർഗിലൂടെ മുന്നോട്ടുപോയി. പൊലീസ് തടഞ്ഞതോടെ, ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറിയ എംപിമാർ അവിടെ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പലകുറി പൊലീസ് നടപടിക്ക് തുനിഞ്ഞെങ്കിലും കടുത്ത പ്രതിഷേധത്തിൽ പിൻവാങ്ങി. അവിടെ കുത്തിയിരുന്നും, മുദ്രാവാക്യം വിളിച്ചും പ്രതിഷേധം തുടര്‍ന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ത്യൻ പതാക വീശി ആവേശം പകര്‍ന്നു.

അതിനിടെ എംപിമാരെ പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. റോഡിലൂടെ വലിച്ചിഴച്ചാണ് കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരെ ഉള്‍പ്പെടെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. അഖിലേഷ് യാദവ്, അഭിഷേക് ബാനർജി, കല്യാൺ ബാനർജി, ഡെറിക് ഒബ്രയാൻ, ഇമ്രാൻ മസൂദ്, പി. സന്തോഷ്, എ.എ റഹിം, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ തുടങ്ങിയ എംപിമാർ കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു. എന്നാല്‍ എംപിമാരെ കസ്റ്റഡിയിലെടുത്ത് നീക്കുമ്പോഴും കൂടുതല്‍ ജനപ്രതിനിധികളും നേതാക്കളും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ നീക്കാനും പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയും മറ്റു രണ്ട് കമ്മീഷണര്‍മാരെയും കാണാനാഗ്രഹിച്ചാണ് ജനപ്രതിനിധികള്‍ എത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ ഈ രാജ്യത്തെ ജനപ്രതിനിധികളാണ്; രാജ്യത്തിന്റെ ശബ്ദത്തെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്. എന്തിനാണ് 300 എംപിമാരെ തടഞ്ഞതെന്ന് അറിയില്ല. അവരാണ് ഞങ്ങളെ ഇവിടെ കുത്തിയിരിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ പോകൂവെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT