NATIONAL

അതിവേ​ഗമില്ല... പദ്ധതി പ്രഖ്യാപിക്കാതെ റെയില്‍വേ മന്ത്രി; 3795 കോടിയുടെ റെയിൽ പദ്ധതി കേരളത്തിന് അനുവദിച്ചെന്ന് മാത്രം വിശദീകരണം

"18,000 കോടിയുടെ പദ്ധതികളാണ് നരേന്ദ്ര മോദി സർക്കാർ കേരളത്തിന് നൽകിയത്"

Author : ലിൻ്റു ഗീത

ഡൽഹി: അതിവേഗ റെയിൽ എന്ന കേരളത്തിൻ്റെ പ്രതീക്ഷ പാടെ അവഗണിച്ച് കേന്ദ്രം സർക്കാർ. ബജറ്റിന് ശേഷം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇ. ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതിയോ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ആർഅർടിഎസ് പദ്ധതിയോ പ്രഖ്യാപിച്ചില്ല. ഈ ബജറ്റിൽ മാത്രം 3795 കോടിയുടെ റെയിൽ പദ്ധതി കേരളത്തിന് അനുവദിച്ചെന്ന വിശദീകരണം മാത്രമാണ് മന്ത്രി നൽകിയത്. ശബരിപാതയ്ക്ക് ഭൂമി ഏറ്റെടുക്കൽ തുടങ്ങിയെന്നും കേന്ദ്ര റെയിൽവേ മന്ത്രി വാർത്താ സമ്മേളനത്തിൽ പറ‍ഞ്ഞു.

"18,000 കോടിയുടെ പദ്ധതികളാണ് നരേന്ദ്ര മോദി സർക്കാർ കേരളത്തിന് നൽകിയത്. കോൺഗ്രസ് കാലത്തേക്കാൾ പത്ത് മടങ്ങ് അധികം പരിഗണന മോദി സർക്കാർ നൽകി. 35 റെയിൽവേ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ മുഴുവനായും മാറ്റി പണികഴിപ്പിച്ചത്. 100 ശതമാനം വൈദ്യുതി വൽക്കരണവും കഴിഞ്ഞു. പുതി അമൃത് ഭാരത് ട്രെയിനുകളും അഞ്ച് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളും കേരളത്തിന് നൽകിയിട്ടുണ്ട്. മം​ഗലാപുരം-ഷൊർണൂർ പാതയുടെ ഡിപിആർ ജോലികൾ പൂർത്തിയായി. ഈ ഡിപിആർ സതേൺ റെയിവേ കേന്ദ്ര റെയിൽവേ ബോർഡിന് ഉടൻ നൽകും

ഷൊർണൂർ-കോയമ്പത്തൂർ പാതയുടെ ഫീൽഡ് വർക്കുകൾ പൂർത്തിയായിട്ടുണ്ട്. ഡിപിആർ തയ്യാറാക്കുന്നത് അവസാനഘട്ടത്തിലാണ്. ഷൊർണൂർ-എറണാകുളം പാതയുടെയും ഡിപിആർ തയ്യാറാക്കുന്നത് അവസാനഘട്ടത്തിലാണ്. അങ്കമാലി-ശബരിപാതയ്ക്കായി കേന്ദ്ര സർക്കാരും റെയിൽവേ ബോർഡും സംസ്ഥാന സർക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴെങ്കിലും ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയതിൽ സന്തോഷമുണ്ട്. തിരുനാവായ-​ഗുരുവായൂർ പാതയ്ക്കായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിൽ കേരള സർക്കാർ സഹകരിക്കണം. ഇത് എപ്പോഴും ആവശ്യപ്പെടുന്ന കാര്യമാണ്". റെയിൽവേയുടെ വികസനത്തിനായി സഹകരിക്കണമെന്നും കേരളത്തിലെ ജനങ്ങൾക്ക് ഇത് ആവശ്യമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

SCROLL FOR NEXT