ഉത്തരേന്ത്യയെ വലച്ച് മഴ; Source: screen grab/ x
NATIONAL

ഉത്തരേന്ത്യയെ വലച്ച് മഴ; ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു, വിമാന സർവീസുകളും തടസപ്പെട്ടു

ഇന്നും കനത്ത മഴ ഉണ്ടാകുമെന്നും നാളെയോടെ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. മഴയെത്തുടർന്ന് ജനജീവിതം സംതംഭിച്ചു. ഡൽഹിയിൽ വിവിധയിടങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഗതാഗത മേഖലയും തടസപ്പെട്ടു. പല വിമാനങ്ങളും വഴിതിരിച്ച് വിടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇന്നും കനത്ത മഴ ഉണ്ടാകുമെന്നും നാളെയോടെ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ബുധനാഴ്ച ഡൽഹിയിൽ 60 മില്ലിമീറ്റർ മഴ പെയ്തിരുന്നു. മഴയെ തുടർന്ന് റോഡുകളിലെയും കവലകളിലേയും അഴുക്കുചാലുകൾ നിറഞ്ഞൊഴുകിയതിനാൽ ഗതാഗത വ്യാപകമായി തടസപ്പെട്ടു. ഔട്ടർ റിംഗ് റോഡ്, മഥുര റോഡ്, റിംഗ് റോഡിന്റെ ചില ഭാഗങ്ങൾ, ഐടിഒ, മഹിപാൽപൂർ, ബിഷംബർ ദാസ് മാർഗ്, ശാസ്ത്രി പാർക്ക്, കശ്മീരി ഗേറ്റ്, വെസ്റ്റ് പട്ടേൽ നഗർ, കൈലാഷ് കോളനി, കൃഷ്ണ നഗർ എന്നിവിടങ്ങളിലെല്ലാം നീണ്ട ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. ചിലയിടങ്ങളിൽ വൈകുന്നേരം വരെ ഗതാഗതക്കുരുക്ക് നീണ്ടുനിന്നു.

വാഹനമോടിക്കുന്ന നിരവധിപ്പേർ മഴക്കാലത്ത് അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും റോഡുകൾ വൃത്തിയാക്കാൻ ഡൽഹി ട്രാഫിക് പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

"കനത്ത മഴയെ തുടർന്ന് പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു, ഇത് വാഹന ഗതാഗതം തടസപ്പെടുത്തുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തു. വാഹനമോടിക്കുന്നവർക്കുണ്ടാകുന്ന അസൗകര്യം കണക്കിലെടുത്ത്, ഗതാഗതം നിയന്ത്രിക്കുന്നതിനും പമ്പുകൾ ഉപയോഗിച്ച് തെരുവുകളിൽ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിനായി ആവശ്യമുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചു", അഡീഷണൽ പൊലീസ് കമ്മീഷണർ (ട്രാഫിക്) ദിനേശ് കുമാർ ഗുപ്ത പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

SCROLL FOR NEXT