ജയ്പൂർ: രാജസ്ഥാനിലെ സ്വകാര്യ സ്കൂളുകളിൽ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ശ്രീഗംഗാനഗർ ജില്ലയിലെ സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം നടത്താനായി വിദ്യാർഥികളെ സാൻ്റാ ക്ലോസിൻ്റെ വേഷം ധരിക്കാൻ നിർബന്ധിക്കുന്നതിന് എതിരെയാണ് വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയത്.
ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് അഡീഷണൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ അശോക് വാധ്വ ഡിസംബർ 22ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സ്കൂളുകൾ വിദ്യാർഥികളെയോ രക്ഷിതാക്കളെയോ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്ന് വാധ്വ പറഞ്ഞു.
ഏതെങ്കിലും സ്കൂൾ വിദ്യാർഥികളെ ഇത്തരത്തിൽ സാൻ്റയുടെ വേഷം ധരിക്കാൻ നിർബന്ധിക്കുന്നതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവിൽ പറയുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മാതാപിതാക്കളുടെയും കുട്ടികളുടെയും സമ്മതത്തോടെ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ല. വിദ്യാർഥികളെ നിർബന്ധിക്കുകയോ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തുകയോ ചെയ്താൽ ബന്ധപ്പെട്ട സ്കൂൾ മാനേജ്മെൻ്റ് ഉത്തരവാദി ആയിരിക്കുമെന്നും വാധ്വ പറഞ്ഞു.
സാഹിബ്‌സാദകളുടെ പരമമായ ത്യാഗത്തെ അനുസ്മരിക്കുന്നതിനായി ഡിസംബർ 25 'വീർ ബൽ ദിവസ്' ആയി ആചരിക്കുമെന്നും, സ്‌കൂളുകൾ അവരുടെ പരിപാടികളിൽ യാതൊരു നിർബന്ധ ബുദ്ധിയും കാണിക്കാതെ സംവേദനക്ഷമതയും സന്തുലിതാവസ്ഥയും പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.