രേഖ ഗുപ്ത, രാജേഷ് സക്രിയ Source: ANI
NATIONAL

രാജേഷ് ആദ്യം സുപ്രീം കോടതി പരിസരത്തെത്തി, സുരക്ഷ കണ്ട് പിന്മാറി; രേഖ ഗുപ്തയെ ആക്രമിക്കാനെത്തുമ്പോള്‍ കൈയ്യില്‍ കത്തിയും

രേഖ ഗുപ്തയെ അടിച്ചുവെന്നും തള്ളിയെന്നും മുടി പിടിച്ച് വലിച്ചെന്നുമാണ് ആരോപണം.

Author : ന്യൂസ് ഡെസ്ക്

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ജനസമ്പര്‍ക്ക പരിപാടിക്കിടെ ആക്രമിക്കാന്‍ ശ്രമിച്ച രാജേഷ് സക്രിയ കരുതിക്കൂട്ടി രേഖ ഗുപ്തയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും കൈയ്യില്‍ കത്തിയുമായാണ് ആക്രമിച്ചതെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

41 വയസുള്ള സക്രിയ ഗുജറാത്തിലെ രാജ്‌കോട്ട് നിവാസിയാണ്. ഡല്‍ഹിയിലെ തെരുവില്‍ നിന്ന് തെരുവു നായ്ക്കളെ തുരത്തുന്നതിനെതിരെയുള്ള അപേക്ഷ തള്ളിയതിന് പിന്നാലെയാണ് സക്രിയ രേഖ ഗുപ്തയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹിയിലെ തെരുവുനായ പ്രശ്‌നത്തില്‍ ഉത്തരവ് വന്നതിന് പിന്നാലെ സുപ്രീം കോടതിയിലും ഇയാള്‍ എത്തിയിരുന്നു. എന്നാല്‍ സുപ്രീം കോടതി പരിസരത്തെ കനത്ത സുരക്ഷ ശ്രദ്ധയില്‍പ്പെട്ടതോടെ അവിടെ നിന്നും പിന്മാറി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

സിവില്‍ ലൈന്‍സ് ഓഫീസിലെത്തിയ സക്രിയ ഒരു കത്തി ഉപയോഗിച്ച് രേഖ ഗുപ്തയെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്തു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതോടെ കത്തി വലിച്ചെറിയുകായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കടന്ന് വന്ന് രേഖ ഗുപ്തയെ അടിച്ചുവെന്നും തള്ളിയെന്നും മുടി പിടിച്ച് വലിച്ചെന്നുമാണ് ആരോപണം.

തെരുവുനായ്ക്കള്‍ ഡല്‍ഹി നിവാസികളെ ബുദ്ധിമുട്ടിക്കുന്നതായി നേരത്തെ രേഖ ഗുപ്ത പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ കൃത്യമായ ഒരു ആസൂത്രണം വേണമെന്നും അത് തയ്യാറാക്കുമെന്നും രേഖ ഗുപ്ത സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

രാജേഷ് ഒരു നായ സ്‌നേഹിയാണെന്നും ഡല്‍ഹി എന്‍സിആറിലെ തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ സമീപകാല വിധിയില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നും അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

'എന്റെ മകന് നായ്ക്കളെ വളരെ ഇഷ്ടമാണ്. തെരുവ് നായ്ക്കള്‍ക്കെതിരായ സുപ്രീം കോടതി ഉത്തരവില്‍ അവന്‍ അസ്വസ്ഥനായിരുന്നു. താമസിയാതെ അവന്‍ ഡല്‍ഹിയിലേക്ക് പോയി. മറ്റൊന്നും ഞങ്ങള്‍ക്ക് അറിയില്ല,' രാജേഷ് സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സഹായം തേടിയാണ് രാജേഷ് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

രേഖ ഗുപ്തയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരാളെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രാജേഷ് സക്രിയയുടെ സുഹൃത്തായ തഹ്‌സീന്‍ സയ്യീദ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് മുമ്പ് സയ്യീദും സക്രിയയും തമ്മില്‍ നിരന്തരം ആശയവിനിമയം പുലര്‍ത്തിയിരുന്നെന്നും പൊലീസ് പറയുന്നു.

SCROLL FOR NEXT