സമിക് ഭട്ടാചാര്യ Source: X
NATIONAL

രാജ്യസഭാ എംപി സമിക് ഭട്ടാചാര്യ പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷന്‍

പശ്ചിമ ബംഗാളില്‍ പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്ന വലിയ ചുമതലയാണ് ഭട്ടാചാര്യയെ ബിജെപി ഏല്‍പ്പിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് പുതിയ സംസ്ഥാന അധ്യക്ഷന്‍. സമിക് ഭട്ടാചാര്യയാണ് പുതിയ അധ്യക്ഷൻ. ഭട്ടാചാര്യയുടെ നാമനിർദേശ പത്രിക നേതൃത്വം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് സമിക് ഭട്ടാചാര്യ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചത്. സ്ഥാനമൊഴിയുന്ന സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാറിനും പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും ഒപ്പമാണ് സമിക് ഭട്ടാചാര്യ പത്രിക സമർപ്പിക്കാന്‍ എത്തിയത്. മറ്റ് സ്ഥാനാർഥികളാരും തന്നെ ഇല്ലാത്തതിനാല്‍ ഭട്ടാചാര്യയെ അധ്യക്ഷ സ്ഥാനത്തേക്ക് ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.

2026 ഏപ്രിൽ മാസത്തില്‍, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് ബിജെപിയിലെ നേതൃമാറ്റം. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയാണ് ബിജെപി. ഭരണപക്ഷത്തുള്ള തൃണമൂലിന് പിന്നില്‍ 38 ശതമാനം വോട്ട് വിഹിതമാണ് പശ്ചിമ ബംഗാളില്‍ ബിജെപിക്കുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 48 ശതമാനം വോട്ടുകളാണ് തൃണമൂല്‍ സംസ്ഥാനത്ത് നേടിയത്.

തൃണമൂലിനെ മറികടന്ന് പാർട്ടിയെ പശ്ചിമ ബംഗാളില്‍ അധികാരത്തിലെത്തിക്കുക എന്ന വലിയ ചുമതലയാണ് ബിജെപി സമിക് ഭട്ടാചാര്യയെ ഏല്‍പ്പിച്ചിരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം അധ്യക്ഷനെ തെരഞ്ഞെടുത്തതിലൂടെ സംസ്ഥാന ബിജെപിയിലെ ഐക്യം പ്രകടമാക്കാനാണ് ബിജെപി ശ്രമിച്ചതെന്നാണ് നിരീക്ഷണം. പ്രത്യേകിച്ചും തൃണമൂലിനുള്ളില്‍ നേതാക്കള്‍ പരസ്പരം കൊമ്പുകോർക്കുന്ന സാഹചര്യത്തില്‍.

62 വസയുകാരനായ സമിക് ഭട്ടാചാര്യ നാല് പതിറ്റാണ്ടായി ബിജെപിയുടെ വിശ്വസ്തനാണ്. ആർഎസ്എസിലൂടെയാണ് തുടക്കം. 1990ല്‍ സംസ്ഥാനത്ത് ബിജെപിക്ക് കേവലം മൂന്ന് ശതമാനം മാത്രം വോട്ട് വിഹിതം ഉള്ളപ്പോള്‍ തുടങ്ങിയതാണ് ഭട്ടാചാര്യയുടെ പാർട്ടി ബന്ധം. 2024 ഏപ്രില്‍ മുതല്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. 2014 മുതൽ 2016 വരെ ബസിർഹട്ട് ദക്ഷിണ മണ്ഡലത്തിന്റെ എംഎൽഎയായിരുന്നു ഭട്ടാചാര്യ. 2021 ൽ രാജർഹട്ട് ഗോപാൽപൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പാർട്ടിയുടെ പ്രധാന വക്താവായ ഭട്ടാചാര്യ ചാനല്‍ ചർച്ചകളില്‍ ബിജെപിയുടെ മുഖമാണ്.

SCROLL FOR NEXT