കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും Source: X/ Siddaramaiah, DK Shivakumar
NATIONAL

കർണാടകയിലെ നേതൃമാറ്റം കെട്ടുകഥയെന്ന് സുർജേവാല; ശിവകുമാറിനൊപ്പം ഉറച്ചുനിൽക്കുമെന്ന് സിദ്ധരാമയ്യ; ഭിന്നത പരസ്യമാക്കി കോൺഗ്രസ് എംഎൽഎമാർ

സംസ്ഥാനത്ത് 2028 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം ഉണ്ടായില്ലെങ്കിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്നാണ് ഡി.കെ. ശിവകുമാർ അനുകൂലികളായ എംഎൽഎമാർ ചൂണ്ടിക്കാട്ടുന്നത്.

Author : ന്യൂസ് ഡെസ്ക്

കർണാടകയിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസ് എംഎൽഎമാർക്കിടയിൽ തർക്കം മുറുകുന്നതിനിടെ രംഗം തണുപ്പിക്കാൻ ഇടപെട്ട് മുതിർന്ന കോൺഗ്രസ് നേതാവായ രൺദീപ് സിങ് സുർജേവാല. സംസ്ഥാനത്ത് 2028 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതൃമാറ്റം ഉണ്ടായില്ലെങ്കിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടുമെന്നാണ് നൂറോളം എംഎൽഎമാർ ചൂണ്ടിക്കാട്ടുന്നത്.

ഉപമുഖ്യമന്ത്രിയും കർണാടകയിലെ കോൺഗ്രസ് അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ അനുകൂലികളാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഈ കോൺഗ്രസ് സർക്കാരിൻ്റെ ശേഷിക്കുന്ന കാലയളവിൽ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നൂറിലേറെ വരുന്ന എംഎൽഎമാരുടെ ആവശ്യം.

താൻ മാത്രമല്ല നൂറിലധികം എംഎൽഎമാർ നേതൃമാറ്റത്തെ അനുകൂലിക്കുന്നതായി കോൺഗ്രസ് എംഎൽഎ ഇഖ്ബാൽ ഹുസൈൻ എൻഡിടിവിയോട് പറഞ്ഞു. "നല്ല ഭരണം ആഗ്രഹിക്കുന്ന ഞങ്ങളെല്ലാം ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദത്തിൽ ഒരു അവസരം അർഹിക്കുന്നുവെന്ന് വിശ്വസിക്കുന്നവരാണ്. പാർട്ടിക്ക് വേണ്ടി അദ്ദേഹം അക്ഷീണം പ്രവർത്തിക്കുകയും സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. കെപിസിസി പ്രസിഡൻ്റായ ശേഷം പാർട്ടിയിൽ ഉണ്ടായ ശുഭകരമായ മാറ്റം എല്ലാവരും കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ശ്രമഫലമായി, കൂടുതൽ കൂടുതൽ ആളുകൾ അദ്ദേഹത്തിന് പിന്തുണ അറിയിക്കുകയും കൂടെ നിൽക്കാൻ തയ്യാറാകുകയും ചെയ്യുന്നു. ഞങ്ങളെല്ലാം പുതിയ മുഖ്യമന്ത്രിക്കായി കാത്തിരിക്കുകയാണ്," ഇഖ്ബാൽ ഹുസൈൻ പറഞ്ഞു.

കോൺഗ്രസ് ഹൈക്കമാൻഡ് ബെംഗളൂരുവിലേക്ക് അയച്ച സുർജേവാലയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്ന് ഹുസൈൻ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു. "മുഖ്യമന്ത്രി മാറ്റുന്ന വിഷയത്തെക്കുറിച്ച് ഞാൻ ഇന്ന് സുർജേവാലയോട് തീർച്ചയായും സംസാരിക്കും. ഇപ്പോൾ മാറ്റം സംഭവിച്ചില്ലെങ്കിൽ, 2028ൽ കോൺഗ്രസിന് അധികാരം നിലനിർത്താൻ കഴിയില്ല. പാർട്ടിയുടെ താൽപ്പര്യങ്ങൾക്കായി നേതൃമാറ്റം ഇപ്പോൾ ആവശ്യമാണ്," അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടി ഹൈക്കമാൻഡിന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ എന്ന കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനും ഇഖ്ബാൽ ഹുസൈൻ മറുപടി നൽകി. "കോൺഗ്രസിൽ അച്ചടക്കം ഉണ്ട്. ഞങ്ങൾ എപ്പോഴും ഹൈക്കമാൻഡിനെ ബഹുമാനിക്കുന്നു, പക്ഷേ വസ്തുതകൾ പറഞ്ഞേ മതിയാകൂ," ഇഖ്ബാൽ ഹുസൈൻ പറഞ്ഞു.

എന്നിരുന്നാലും, കർണാടകയുടെ വികസനം ഉറപ്പാക്കുന്നതിനും ആത്മപരിശോധന നടത്തുന്നതിനുമുള്ള ഒരു സംഘടനാ വ്യായാമമായാണ് തന്റെ സന്ദർശനത്തെ രൺദീപ് സുർജേവാല വിശേഷിപ്പിച്ചത്. കർണാടകയിലെ നേതൃമാറ്റം സാധ്യമാകുമെന്ന ഏതൊരു വാർത്തയും "ഭാവനാത്മകമായ കെട്ടുകഥ" മാത്രമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംസ്ഥാനത്ത് നേതൃമാറ്റം സാധ്യമാകുമെന്ന പ്രചാരണം മുഖ്യമന്ത്രി സിദ്ധരാമയ്യയും തള്ളിക്കളഞ്ഞു. മൈസൂരുവിൽ സംസാരിക്കവെ "കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തേക്ക് ഒരു പാറ പോലെ ഉറച്ചുനിൽക്കും" എന്ന് സിദ്ധരാമയ്യ പറഞ്ഞു. ശിവകുമാറിനൊപ്പം തന്നെ ഈ സർക്കാർ അഞ്ച് വർഷത്തേക്ക് ഉറച്ചുനിൽക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

SCROLL FOR NEXT