Source: @ShrimantManey
NATIONAL

എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു; കൈപ്പത്തിയിൽ കുറിപ്പെഴുതി ഡോക്ടർ ജീവനൊടുക്കി

ഇടതു കൈപ്പത്തിയിലാണ് വനിതാ ഡോക്ടർ കുറിപ്പെഴുതി വച്ചത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കൈപ്പത്തിയിൽ കുറിപ്പെഴുതി വച്ച് ഡോക്ടർ ജീവനൊടുക്കി. അഞ്ച് മാസത്തിനിടയിൽ നാല് തവണ എസ്ഐ ഗോപാൽ ബദ്‌നെ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വനിതാ ഡോക്ടർ കുറിപ്പിൽ വ്യക്തമാക്കി. ജീവനൊടുക്കുന്നതിന് മുൻപ് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കുറിപ്പിൽ പറയുന്നു.

ഇടതു കൈപ്പത്തിയിലാണ് വനിതാ ഡോക്ടർ കുറിപ്പെഴുതി വച്ചത്. കുറിപ്പിൽ, എസ്‌ഐ ഗോപാൽ ബദ്‌നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും, നിരന്തമായ പീഡനമാണ് തന്നെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും കുറിപ്പിൽ പറയുന്നു. ആരോപണവിധേയനായ ഗോപാൽ ബദ്‌നെയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഫാൽട്ടാൻ സബ് ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്ടർ ജൂൺ 19 ന് ഫാൽട്ടാനിലെ സബ്-ഡിവിഷണൽ ഓഫീസിലെ ഡിഎസ്‌പിക്ക്(ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) അയച്ച കത്തിലും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ മൂന്ന് പൊലീസുകാരുടെ പേര് പരാമർശിച്ചിട്ടുണ്ടായിരുന്നുവന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അവർക്കെതിരെ നടപടി എടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. എസ്ഐ ഗോപാൽ ബദ്‌നെ, സബ് ഡിവിഷണൽ പൊലീസ് ഇൻസ്‌പെക്ടർ പാട്ടീൽ, അസിസ്റ്റൻഡ് പൊലീസ് ഇൻസ്‌പെക്ടർ ലാഡ്‌പുത്രെ എന്നിവരുടെ പേരാണ് പരാമർശിച്ചിരുന്നത്.

ഡോക്ടറുടെ മരണത്തിൽ ആരോപണമുയർന്നതിനെ തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ നിർദേശപ്രകാരമാണ് ബദ്നെയെ സസ്പെൻഡ് ചെയ്തത് എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഡോക്ടറുടെ മരണം സംസ്ഥാനതലത്തിൽ വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചു.

പൊലീസിൻ്റെ കടമ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ്. എന്നാൽ സംരക്ഷകൻ വേട്ടക്കാരനായി മാറുന്നു. ഇങ്ങനെയായാൽ എങ്ങനെയാണ് നീതി നടപ്പാക്കുക? ഈ പെൺകുട്ടി മുമ്പ് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ട്? സർക്കാർ പൊലീസിനെ എന്തിന് സംരക്ഷിക്കുന്നു ? എന്നീ ചോദ്യങ്ങൾ കോൺഗ്രസ് നേതാവ് വിജയ് നാംദേവ്‌റാവു വഡെറ്റിവാർ ചോദിച്ചു. സംഭവം നിർഭാഗ്യകരമാണ്. പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി നിയമസഭാ കൗൺസിൽ അംഗവും സംസ്ഥാന വനിതാ പ്രസിഡൻ്റുമായ ചിത്ര വാഗ് പറഞ്ഞു.

SCROLL FOR NEXT