പ്രതീകാത്മക ചിത്രം Source: Meta AI
NATIONAL

800 കുപ്പി മദ്യം എലി കുടിച്ചു! സ്റ്റോക്ക് കാണാതായതിൽ വിചിത്ര വിശദീകരണവുമായി ജാർഖണ്ഡ് വ്യാപാരികൾ

എലികൾ കുപ്പികളുടെ മൂടി കടിച്ചുകീറി മദ്യം കുടിച്ചുവെന്നാണ് വ്യാപാരികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

പരിശോധനയ്ക്കിടെ മദ്യത്തിൻ്റെ സ്റ്റോക്ക് കാണാതായതിൽ വിചിത്രവാദവുമായി ജാർഖണ്ഡ് ധൻബാദിലെ വ്യാപാരികൾ. 800 കുപ്പി മദ്യം എലി കുടിച്ചെന്നാണ് വ്യാപാരികളുടെ വിചിത്രവാദം. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിൻ്റെ സ്റ്റോക്കുകൾ നഷ്ടപ്പെട്ടത് വിശദീകരിക്കാൻ കഴിയാതെയാണ് വ്യാപാരികൾ എലികൾക്കെതിരെ ആരോപണം ഉന്നയിച്ചത്.

ജാർഖണ്ഡിന്റെ പുതിയ മദ്യനയം സെപ്റ്റംബർ ഒന്നിന് നിലവിൽ വരാനിരിക്കെയാണ് പാവം എലികൾക്കെതിരായ വ്യാപാരികൾ വിചിത്രമായ ആരോപണം ഉന്നയിക്കുന്നത്. നയം നടപ്പിലാക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാർ മദ്യസ്റ്റോക്കുകളുടെ പരിശോധന നടത്തി വരികയായിരുന്നു. ഇതിൻ്റെ ഭാഗമായി, ധൻബാദിലെ ബലിയപൂർ, പ്രധാൻ ഖുന്ത പ്രദേശങ്ങളിലെ മദ്യഷോപ്പുകളിലും പരിശോധന നടത്തി.

മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ സ്റ്റോക്ക് പരിശോധനയിൽ 802 മദ്യക്കുപ്പികൾ മുഴുവൻ കാലിയോ അല്ലെങ്കിൽ മിക്കവാറും കാലിയോ ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേക്കുറിച്ച് വ്യാപാരികളോട് ചോദിച്ചപ്പോഴാണ് അവർ എലികളെ കുറ്റപ്പെടുത്തിയത്. എലികൾ കുപ്പികളുടെ മൂടി കടിച്ചുകീറി മദ്യം കുടിച്ചുവെന്നാണ് വ്യാപാരികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ, എലിയുടെ മേൽ കുറ്റം ചുമത്തി രക്ഷപ്പെടാനുള്ള വ്യാപാരികളുടെ നീക്കം വിജയിച്ചില്ല. ഇത് സംബന്ധിച്ച് ഉണ്ടായ നഷ്ടം നികത്താൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നഷ്ടം നികത്താൻ ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരികൾക്ക് നോട്ടീസ് അയയ്ക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാംലീല രാവണി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മദ്യശേഖരം കുറഞ്ഞതിന് എലികളെ കുറ്റപ്പെടുത്തുന്ന വ്യാപാരികളെക്കുറിച്ച് ചോദിച്ചപ്പോൾ, "അസംബന്ധം" എന്നാണ് അദ്ദേഹം മറുപടി നൽകിയത്.

എന്നാൽ, ധൻബാദിൽ ഇതാദ്യമല്ല മോഷണക്കുറ്റം എലികളുടെ മേൽ ചുമത്തുന്നത്. നേരത്തെ, പൊലീസ് പിടിച്ചെടുത്ത ഏകദേശം പത്ത് കിലോ ഭാങും ഒൻപത് കിലോ കഞ്ചാവും കാണാതായപ്പോഴും എലികളെ കുറ്റപ്പെടുത്തിയിരുന്നു. വിഷയം കോടതിയിൽ എത്തിയപ്പോൾ, ഇത്തരം അസംബന്ധ ആരോപണങ്ങളുമായി എത്തിയതിന് ഉദ്യോഗസ്ഥരെ കോടതി ശാസിച്ചിരുന്നു.

SCROLL FOR NEXT