ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽ 21 വയസുകാരിയ്ക്ക് നടുറോഡിൽ ക്രൂര മർദനം. പ്രണയബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം സമ്മർദം ചെലുത്തിയത് പെൺകുട്ടി നിരസിച്ചതിനെ തുടർന്നാണ് നടുറോഡിൽ ക്രൂരമായി മർദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത്. പ്രതിയായ നവീൻ കുമാർ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡിസംബർ 22 ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ഒരു സ്കൂട്ടിയുടെ അരികിൽ പെൺകുട്ടി നിൽക്കുന്നതും, പ്രതി ഒരു കാറിൽ സ്ഥലത്തെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് പെൺകുട്ടിയുടെ അടുത്തെത്തിയ പ്രതി അവളുടെ പേഴ്സ് പരിശോധിക്കുകയും തുടർന്ന് അവരുടെ തലയിലും പുറത്തും ആവർത്തിച്ച് അടിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു. സംഭവസ്ഥലത്ത് രണ്ടോ മൂന്നോ പേർ ഉണ്ടായിരുന്നിട്ടും, ആരും ഇയാളെ പിടിച്ചു മാറ്റാൻ മുതിർന്നില്ല.
2024 ൽ ഇൻസ്റ്റാഗ്രാം വഴിയാണ് നവീനും ഇരയും പരിചയപ്പെടുന്നത്. പിന്നീട്, ഫോൺകോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും ഇവർ പതിവായി സംസാരിച്ചിരുന്നു. പിന്നാലെ ഇയാൾ പെൺകുട്ടിയെ പ്രണയബന്ധത്തിനായി നിരന്തരം സമ്മർദം ചെലുത്തിയതോടെ പെൺകുട്ടി ഇതിനെ എതിർക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഇയാൾ പെൺകുട്ടി താമസിക്കുന്ന പിജിക്ക് മുന്നിലെത്തി പെൺകുട്ടിക്കെതിരെ ക്രൂര മർദനം അഴിച്ചുവിട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.