ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആരവല്ലി മലനിരകളില്‍ 'കുറഞ്ഞ തോതിലുള്ള' നിര്‍മാണ പ്രവൃത്തികള്‍ക്കായി ബിജെപി സര്‍ക്കാര്‍ നിയന്ത്രണച്ചട്ടങ്ങളില്‍ ഇളവ് വരുത്തിയതായുള്ള രേഖകള്‍ പുറത്ത്. ആരവല്ലി മലനിരകളില്‍ ഖനനത്തിനും നിര്‍മാണ പ്രവൃത്തികള്‍ക്കുമുള്ള അനുമതി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഖനനാനുമതി സംബന്ധിച്ച് പ്രതിഷേധങ്ങളും ശക്തമാകുന്നതിനിടെയാണ് രേഖകള്‍ പുറത്തുവന്നരിക്കുന്നത്.
ഡല്‍ഹിയില്‍ നിന്ന് തുടങ്ങി, രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത് വരെ നീണ്ടു നില്‍ക്കുന്ന മലനിരകളാണ് ആരവല്ലി. ഇതില്‍ രാജസ്ഥാനിലാണ് ഭൂരിഭാഗം മലനിരകളും സ്ഥിതിചെയ്യുന്നത്.
രാജസ്ഥാനിലൂടെ കടന്നു പോകുന്ന ആരവല്ലി മലനിരകളിലെ വലിയൊരു ഭാഗമാണ് 'കുറഞ്ഞ തോതിലുള്ള' നിര്‍മാണ പ്രവൃത്തികള്‍ക്കായി 2025 ഏപ്രിലില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുറന്നു കൊടുത്തിരിക്കുന്നത്.
2024ലെ മോഡല്‍ റെഗുലേഷന്‍സ് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് ഹില്‍സ് ഇന്‍ അര്‍ബന്‍ ഏരിയാസ് (നിയമം) പ്രാകരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2028ലെ ഹില്‍ കണ്‍സര്‍വേഷന്‍ നോംസിനെ മാറ്റിയാണ് ഈ റെഗുലേഷന്‍സ് സര്‍ക്കാര്‍ കൊണ്ടു വരുന്നത്. ഈ റെഗുലേഷന്‍സ് അനുസരിച്ച് ആരവല്ലി മലനിരകളെ സര്‍ക്കാര്‍ മൂന്നായി തരംതിരിച്ചിരിക്കുന്നു. 15 ഡിഗ്രിക്ക് മുകളില്‍ ചരിവുള്ള കുന്നുകളെ കാറ്റഗറി സിയിലാണ് പെടുത്തിയിരിക്കുന്നത്. ഈ പ്രദേശം ഒരു പ്രവര്‍ത്തനങ്ങള്‍ക്കും വിട്ടുനല്‍കാതെ സംരക്ഷിക്കേണ്ട സ്ഥലമായി കണക്കാക്കിയിരിക്കുന്നു. എട്ട് മുതല്‍ 15 ഡിഗ്രി വരെ ചരിവുള്ള പ്രദേശത്തെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ പ്രദേശങ്ങളില്‍ ഫാംഹൗസുകള്‍ റിസോര്‍ട്ടുകള്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ യോഗ സെന്ററുകള്‍ കാംപിങ് സൈറ്റുകള്‍ സോളാര്‍ പവര്‍ പ്രോജക്ടുകള്‍ എന്നിവ പോലുള്ള എന്നിവ നടത്താവുന്ന പ്രദേശമായാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
എട്ട് ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളെ കാറ്റഗറി എയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലാണ് നഗരാസൂത്രണ പദ്ധതിക്കാവശ്യമായ നിര്‍മാണ പ്രവൃത്തികള്‍ വ്യാപകമായി നടക്കുന്നത്. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ ആരവല്ലി നിര്‍വചനങ്ങള്‍ക്ക് എതിരാണ് രാജസ്ഥാന്റെ ഈ തരംതിരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. എഫ്എസ്‌ഐയുടെ നിര്‍വചനമനുസരിച്ച് രാജസ്ഥാനില്‍ 115 മീറ്ററിന് മുകളിലുള്ള മൂന്ന് ഡിഗ്രി എങ്കിലും ചരിവുള്ള എല്ലാ കുന്നുകളെയും സംരക്ഷിത ആരവല്ലി മലനിരകളായാണ് കണക്കാക്കുന്നത്.
100 മീറ്റര്‍ ഉയരത്തിന് മുകളിലുള്ള കുന്നകുളെ മാത്രമേ ആരവല്ലി മലനിരകളില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളു എന്ന വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്നോട്ട് വച്ച പുതിയ നിര്‍വചനം നവംബര്‍ 20ന് സുപ്രീം കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് രാജസ്ഥാനിലും ഹരിയാനയിലുമുള്‍പ്പെടെ ഉയര്‍ന്നുവന്നത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ആ നിര്‍വചനം മരവിപ്പിക്കുകയും ചെയ്തിരുന്നു.