revanth reddy 
NATIONAL

രേവന്ത് റെഡ്ഡിയുടെ പ്രിയപ്പെട്ട 'ഹൈഡ്ര' പക്ഷെ ഹിറ്റ്ലറുടെത് അല്ല !

തെലങ്കാന സര്‍ക്കാര്‍ അടുത്തിടെ ഹൈദ്രബാദ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്‍റ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി രൂപീകരിച്ചിരുന്നു. ഇതിന്‍റെ ചുരുക്കം ഹൈഡ്ര (Hydra) എന്നാണ്.

Author : വിപിന്‍ വി.കെ

ഹൈഡ്ര (Hydra) എന്ന വാക്ക് ഇപ്പോള്‍ ചര്‍ച്ചയിലേക്ക് വരുകയാണ്. അടുത്തിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ ഒരു പരാമര്‍ശമാണ് വീണ്ടും ഈ വാക്ക് പ്രശസ്തമാകാന്‍ കാരണമായത്. തെലങ്കാന സര്‍ക്കാര്‍ അടുത്തിടെ ഹൈദ്രബാദ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ആന്‍റ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി രൂപീകരിച്ചിരുന്നു. ഇതിന്‍റെ ചുരുക്കം ഹൈഡ്ര (Hydra) എന്നാണ്. ഇത് സംബന്ധിച്ച് ബാംഗലൂരുവിലെ ഒരു കോണ്‍ക്ലേവില്‍ രേവന്ത് റെഡ്ഡി വിശദീകരിച്ചതാണ് വിവാദത്തിലേക്ക് വഴിതുറന്നത്.

"ഹൈഡ്ര എന്നത് ഹിറ്റ്‌ലർക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വാക്കായിരുന്നു. ആരെ വേണമെങ്കിലും വധിക്കാൻ ശേഷിയുള്ള അദ്ദേഹത്തിന്റെ പ്രധാന സംഘത്തിന്റെ പേര് ഹൈഡ്ര എന്നായിരുന്നു. അതുകൊണ്ട്, ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഇതിന് ഹൈഡ്ര (HYDRAA) എന്ന് പേരിട്ടത്" ഇതിന് പിന്നാലെ തെലങ്കാനയിലെ പ്രധാന പ്രതിപക്ഷം ബിആര്‍എസും, ബിജെപിയും ഇതിനെതിരെ രംഗത്ത് വന്നു, രേവന്തിന്‍റെ ഏകാധിപത്യ മനോഭാവമാണ് ഈ പ്രസ്താവന വെളിവാക്കുന്നത് എന്ന് അവര്‍ ആരോപിച്ചു.

അതേ സമയം ഹൈദ്രബാദിലെ കൈയ്യേറ്റങ്ങള്‍ തടയാനും, അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുമാണ് ഹൈഡ്രയുടെ രൂപീകരണം എന്നാണ് റിപ്പോര്‍ട്ട്. ഇതിനെ ഉത്തരേന്ത്യന്‍ മോഡലില്‍ ഒരു 'ബുള്‍ഡോസര്‍ രാജിനുള്ള' നീക്കമായും തെലങ്കാനയിലെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നു. അതേ സമയം ഹൈഡ്രയെ വിവാദ പ്രസ്താവന നടത്തിയ കോണ്‍ക്ലേവില്‍ തന്നെ ന്യായീകരിച്ചിട്ടുണ്ട് മുഖ്യമന്ത്രി റെഡ്ഡി.

തടാകങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ ഭൂമി നിലനിർത്തുന്നതിനുമാണ് ഹൈഡ്ര പ്രവർത്തിക്കുന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. കൂടാതെ ഈ മാതൃക മറ്റ് നഗരങ്ങളിലും നടപ്പിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പരിസ്ഥിതി വെല്ലുവിളികൾ, വെള്ളപ്പൊക്കം, അനധികൃത കയ്യേറ്റങ്ങൾ എന്നിവ നേരിടാൻ ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ പ്രമുഖ നഗരങ്ങൾക്ക് ഇത്തരം പ്രത്യേക സംവിധാനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം രേവന്ത് റെഡ്ഡിയുടെ ഹിറ്റ്ലര്‍ പ്രസ്താവനയെ അപലപിച്ച് സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരള പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും രംഗത്ത് എത്തിയിരുന്നു. നേരത്തെ ഇരുവരും തമ്മിലുള്ള ഡാഷ് മോനേ വിവാദം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പുതിയ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണ് എന്നാണ് പിണറായി പറഞ്ഞത്.

ഹൈഡ്രയിലെ ട്വിസ്റ്റ്

എന്നാല്‍ ശരിക്കും രേവന്തിന് ഭീകരമായ ഒരു തെറ്റ് പറ്റിയിട്ടുണ്ട്. ഹൈഡ്ര എന്ന സംവിധാനം ശരിക്കും ഹിറ്റ്ലറുടെ കീഴില്‍ ഉണ്ടായിരുന്നില്ല. ഹൈഡ്ര എന്നത് പൂർണ്ണമായും മാർവൽ കോമിക്സിന്റെ (Marvel Comics) ഒരു സാങ്കൽപ്പിക സൃഷ്ടി മാത്രമാണ്. അഡോൾഫ് ഹിറ്റ്ലർക്കോ നാസി ജർമ്മനിക്കോ ഇങ്ങനെ ഒരു ഔദ്യോഗിക വിഭാഗം ഉണ്ടായിരുന്നില്ല. 1965-ൽ സ്റ്റാൻ ലീയും ജാക്ക് കിർബിയും ചേർന്നാണ് മാർവൽ കോമിക്സിൽ 'ഹൈഡ്ര' എന്ന വില്ലൻ സംഘടനയെ അവതരിപ്പിക്കുന്നത്.

ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചർ പോലുള്ള മാർവൽ സിനിമകളിൽ, രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ നാസി ഭരണകൂടത്തിന്റെ തണലിൽ വളരുന്ന ഒരു ശാസ്ത്ര ഗൂഢസംഘമായി ഹൈഡ്രയെ കാണിക്കുന്നത്. റെഡ് സ്കൾ എന്ന കഥാപാത്രമാണ് ഇതിനെ നയിക്കുന്നത്. റെഡ് സ്കളിനെ കൊലപ്പെടുത്തുന്നതോടെയാണ് ആദ്യത്തെ ക്യാപ്റ്റൻ അമേരിക്ക അവസാനിക്കുന്നത് തന്നെ. എന്നാല്‍ ഈ വിഭാഗം പിന്നീട് പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഷീല്‍ഡ് എന്ന ഭൂമിയെ സംരക്ഷിക്കുന്ന സാങ്കല്‍പ്പിക ഏജന്‍സിയുടെ പ്രധാന എതിരാളികള്‍ തന്നെ ഹൈഡ്രയാണ്. ഹൈഡ്രയുടെ സാന്നിധ്യം പലപ്പോഴും മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സില്‍ കാണാം.

കോമിക്സ് കഥ അനുസരിച്ച് നാസികളുടെ കീഴിലായിരുന്ന ഹൈഡ്ര ഹിറ്റ്ലറെപ്പോലും മറികടന്ന് ലോകം കീഴടക്കുക എന്ന ലക്ഷ്യത്തോടെ നാസികളിൽ നിന്ന് വേർപെട്ട് സ്വന്തം നിലയിൽ പ്രവർത്തിക്കുന്നതായി കാണിക്കുന്നു. അതായത് ഹൈഡ്ര പൂര്‍ണ്ണമായും ഒരു ഭാവന സൃഷ്ടിയാണ്. അതായത് രേവന്ത് റെഡ്ഡിക്ക് വലിയ അബന്ധം പിണഞ്ഞതാണ്.

നാസി ജർമ്മനിയിൽ ഹൈഡ്ര ഇല്ലായിരുന്നെങ്കിലും ഹിറ്റ്ലർക്ക് കീഴിൽ ഭീകരത സൃഷ്ടിച്ചിരുന്ന എസ്എസ്, ഗസ്റ്റപ്പോ, ആനെനെർബെ എന്നീ വിഭാഗങ്ങള്‍ ഉണ്ടായിരുന്നു

ഹിറ്റ്ലറുടെ വ്യക്തിഗത സുരക്ഷയ്ക്കായി ആരംഭിച്ച്, പിന്നീട് നാസി ജർമ്മനിയിലെ ഏറ്റവും വലിയ ഭീകര സംഘടനയായി മാറിയ വിഭാഗമാണ് എസ്എസ്. നാസി ജർമ്മനിയുടെ ഔദ്യോഗിക രഹസ്യപ്പോലീസായിരുന്നു ഗസ്റ്റപ്പോ. ആനെനെർബെ ആര്യൻ വംശത്തിന്റെ ചരിത്രവും പാരമ്പര്യവും കണ്ടെത്താനായി ഹിറ്റ്ലർ സ്ഥാപിച്ച ഒരു നാസി ഗവേഷണ വിഭാഗമായിരുന്നു. മാർവൽ സിനിമകളിൽ 'ഹൈഡ്ര'യ്ക്ക് പ്രചോദനമായത് ആനെനെർബെ ആയിരിക്കാം എന്നാണ് കരുതപ്പെടുന്നത്.

ഗ്രീക്ക് പുരാണത്തിലെ പല തലകളുള്ള 'ഹൈഡ്ര' എന്ന സർപ്പത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മാർവൽ ഈ ഗൂഢ വില്ലന്‍ സംഘത്തിന് ആ പേര് നല്‍കിയത്. ഹിറ്റ്ലർക്ക് ഹൈഡ്രയുമായി ചരിത്രപരമായി യാതൊരു ബന്ധവുമില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

SCROLL FOR NEXT