പാറ്റ്ന: ബിഹാറിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ആർജെഡിയെ പ്രതിസന്ധിയിലാക്കുകയാണ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തർക്കം. രോഹിണിക്ക് പിന്നാലെ മറ്റു നാല് മക്കൾ കൂടി വീട് വിട്ടതോടെ പ്രശ്നം ഗുരുതരമാണെന്നാണ് വിലയിരുത്തൽ. രോഹിണി ഭീഷണിയാകുമെന്ന് ആർജെഡി നേതാവും എം പി യുമായ സഞ്ജയ് യാദവും, തേജസ്വിയുടെ സുഹൃത് റമീസും ചേർന്ന് തേജസ്വി യാദവിനെ ഉപദേശിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് തർക്കങ്ങളുടെ തുടക്കം. തോൽവിക്ക് പിന്നാലെയുണ്ടായ തമ്മിലടിയിൽ മുഖം നഷ്ടപ്പെട്ട നിലയിലാണ് ആർജെഡി.
കുടുംബ തർക്കം പൊതുജനമധ്യത്തിലെത്തി നില്‍ക്കെ, ലാലുപ്രസാദ് യാദവിന്‍റെ പട്നയിലെ വീട്ടില്‍ മൂന്നുപേരാണ് അവശേഷിക്കുന്നത്. ലാലുവും ഭാര്യ റാബ്രി ദേവിയും, മകള്‍ മിസ ഭാരതിയും. രോഹിണി ആചാര്യയ്ക്ക് പിന്നാലെ ലാലുവിന്‍റെ നാല് പെണ്‍മക്കള്‍, രാജലക്ഷ്മി, രാഗിണി, ചന്ദ, ഹേമ എന്നിവർ മക്കളുമായി വീടുവിട്ടു. കുടുംബപ്രശ്നത്തില്‍ മനംനൊന്താണ് പടിയിറക്കമെന്നാണ് റിപ്പോർട്ടുകള്‍.
ബിഹാറിലെ കനത്ത പരാജയത്തിന് പിന്നാലെ ശനിയാഴ്ച ചേർന്ന ആർജെഡി അവലോകന യോഗത്തിലാണ് പൊട്ടിത്തെറികളുടെ തുടക്കം. പാർട്ടിയുടെ പരാജയത്തിന് കാരണം, തേജസ്വിയുടെ അനുയായികളായ സഞ്ജയ് യാദവും, റമീസുമാണെന്നും, അവരാണ് തേജസ്വിയെ നിയന്ത്രിക്കുന്നതെന്നുമുള്ള രോഹിണിയുടെ വാക്കുകള്‍ തേജസ്വിയെ പ്രകോപിപ്പിച്ചു. പിന്നാലെ ചെരുപ്പ് എടുത്ത് അടിക്കാന്‍ ഓങ്ങിയെന്നും വീടുവിട്ടിറങ്ങി യ രോഹിണി സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചു.
ലാലുവിന് വൃക്ക നൽകി സീറ്റ് നേടാൻ ശ്രമിച്ചുവെന്നുൾപ്പടെ കേൾക്കേണ്ടി വന്നെന്ന് രോഹിണി പറയുന്നു. താന്‍ ബന്ധമുപേക്ഷിക്കുന്നത് തേജസ്വിയുമായി മാത്രമാണെന്നും, പിതാവും കുടുംബവും തനിക്കൊപ്പമാണെന്നും വ്യക്തമാക്കി. ആർ ജെ ഡി നേതാവ് സഞ്ജയ് യാദവും, തേജസ്വിയുടെ സുഹൃത്ത് റമീസ് ഖാനും ചേർന്ന് രോഹിണി തേജസ്വിക്ക് ഭീഷണിയാകുമെന്ന് ഉപദേശിച്ചതാണ് രോഹിണിയെ ചൊടിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
പാർട്ടിയില്‍ നിന്നും കുടുംബത്തില്‍ നിന്നും നേരത്തെ പുറത്തായ സഹോദരന്‍ തേജ് പ്രതാപ് യാദവും രോഹിണിക്ക് പിന്തുണയുമായി എത്തി. സഞ്ജയ് യാദവിനെ ഒറ്റുകാരനെന്ന് വിളിച്ച തേജ് പ്രതാപ്, ചിലർ തേജസ്വിയുടെ ബുദ്ധിയെ മറയ്ക്കുന്നു എന്നും ആരോപിച്ചു. ബിഹാറിലെ ലാലുപ്രസാദ് യാദവിന്‍റെ രാഷ്ട്രീയ പരമ്പര പരസ്യമായി തെരുവിലേറ്റുമുട്ടുമ്പോള്‍, വീണുകിടക്കുന്ന ആർജെഡിയെ വീണ്ടുമടിക്കാനുള്ള അവസരമായാണ് ബിജെപി വിവാദത്തെ കാണുന്നത്.