പ്രശാന്ത് കിഷോർ  ANI
NATIONAL

'പൊതുജനങ്ങളുടെ പണം കൊണ്ട് വോട്ടുകള്‍ വാങ്ങി; ലോക ബാങ്കില്‍ നിന്നെടുത്ത 14000 കോടി തെരഞ്ഞെടുപ്പിന് ഉപയോഗിച്ചു'

പൊതുജനങ്ങളുടെ പണം വോട്ടുകള്‍ വാങ്ങാന്‍ ധൂര്‍ത്തടിച്ചില്ലായിരുന്നെങ്കില്‍ ബിഹാറില്‍ എന്‍ഡിഎ തകരുമായിരുന്നു

Author : ന്യൂസ് ഡെസ്ക്

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ജെഡിയുവിനെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ജന്‍ സുരാജ് പാര്‍ട്ടി. ലോക ബാങ്കില്‍ നിന്ന് വായ്പയെടുത്ത 14,000 കോടി രൂപ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുടെ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുന്നിൽ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയുടെ പ്രസിഡന്റായ ഉദയ് സിങ് ആണ് ആരോപണം ഉന്നയിച്ചത്. ലോക ബാങ്കില്‍ നിന്ന് ലഭിച്ച വായ്പ സൗജന്യങ്ങള്‍ നല്‍കാനായി ഉപയോഗിച്ചുവെന്നാണ് നിതീഷ് സര്‍ക്കാരിനെതിരെയുള്ള ആരോപണം.

കഴിഞ്ഞ ജൂണ്‍ മുതല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ 4000 കോടി രൂപയാണ് നിതീഷ് സര്‍ക്കാര്‍ ധൂര്‍ത്തടിച്ചത്. പൊതു ആവശ്യത്തിനുള്ള പണം ഉപയോഗിച്ച് ജനങ്ങളുടെ വോട്ട് വിലയ്ക്കു വാങ്ങുകയായിരുന്നു. ലോകബാങ്ക് വായ്പയിലൂടെ സമാഹരിച്ച 14,000 കോടി രൂപ പോലും സൗജന്യങ്ങള്‍ക്കായി വഴിതിരിച്ചുവിട്ടു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സ്ത്രീകളുടെ അക്കൗണ്ടില്‍ പതിനായിരം രൂപ വീതം നല്‍കിയ 'മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന' പദ്ധതിയെ പരാമര്‍ശിച്ചായിരുന്നു ഉദയ് സിങ്ങിന്റെ ആരോപണം. പെരുമാറ്റച്ചട്ടം നിലവിലുണ്ടായിട്ടും വോട്ടിങ്ങിന് ഒരു ദിവസം മുമ്പ് വരെ ആളുകള്‍ക്ക് പണം ലഭിച്ചു കൊണ്ടിരുന്നത് ഇതാദ്യമായിട്ടായിരിക്കും. സ്ത്രീകളെ ആകര്‍ഷിക്കാന്‍ ഇത് ധാരാളമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനങ്ങളുടെ പണം വോട്ടുകള്‍ വാങ്ങാന്‍ ധൂര്‍ത്തടിച്ചില്ലായിരുന്നെങ്കില്‍ ബിഹാറില്‍ എന്‍ഡിഎ തകരുമായിരുന്നുവെന്നും ഉദയ് സിങ് പറഞ്ഞു. ആര്‍ജെഡിയുടെ കീഴില്‍ ജംഗിള്‍ രാജ് തിരിച്ചുവരുമെന്ന ഭയം മൂലമാണ് ജന്‍ സുരാജ് പാര്‍ട്ടി വോട്ടര്‍മാരില്‍ ഒരു വിഭാഗം എന്‍ഡിഎയ്ക്കൊപ്പം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ജംഗിള്‍ രാജ് ഉണ്ടായിരുന്നുവെന്ന് തനിക്ക് അഭിപ്രായമില്ലെങ്കിലും അങ്ങനെയൊരു ഭയം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞ മുന്‍ ബിജെപി എംപി കൂടിയായ ഉദയ് സിങ്, ആ ഭയം മൂലമാണ് ജന്‍ സുരാജിന് ഒരു അവസരം നല്‍കുമായിരുന്ന പലരും എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തതെന്നും വ്യക്തമാക്കി.

SCROLL FOR NEXT