NATIONAL

ചെലവ് 4200 കോടി രൂപ ! ഉദ്ഘാടനം കഴിഞ്ഞ് 12-ാം ദിവസം യുപിയില്‍ എക്‌സ്പ്രസ്‌ വേ ഇടിഞ്ഞു !

കോടികള്‍ മുടക്കിയ എക്‌സ്പ്രസ് വേയുടെ നിര്‍മാണ നിലവാരത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എക്‌സ്പ്രസ് വേയില്‍ പന്ത്രണ്ടാം ദിവസം വിള്ളല്‍. ലക്‌നൗ-കാണ്‍പുര്‍ ഗ്രീൻഫീൽഡ് നാഷണൽ എലിവേറ്റഡ് എക്‌സ്പ്രസ് വേയിലാണ് മഴയെത്തുടര്‍ന്ന് ഒരുഭാഗത്ത് വിള്ളലുണ്ടായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നിട്ടുമുണ്ട്.

4200 കോടി രൂപ ചെലവിട്ടായിരുന്നു എക്‌സ്പ്രസ് വേ നിര്‍മാണം. ജൂലൈ 13ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ചേർന്ന് പാത ഉദ്ഘാടനം ചെയ്തു. ജൂലൈ 25ന് മഴ പെയ്തതോടെ, കാര്യങ്ങള്‍ തകിടംമിറഞ്ഞു. ഉന്നാവോ ഭാഗത്ത് റോഡില്‍ വിള്ളലുണ്ടായി. സമാജ്‌വാദി പാർട്ടി നേതാവ് മധുസൂദൻ യാദവാണ് ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ വരെ നീളത്തില്‍ റോഡ് ഇടിഞ്ഞു താഴ്ന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലക്‌നൗ-കാണ്‍പുര്‍ എക്‌സ്പ്രസ് വേയിലൂടെ സഞ്ചരിക്കവെ, കൊരാരിയില്‍ എത്തിയപ്പോള്‍ മഴ പെയ്ത് റോഡില്‍ വിള്ളലുണ്ടായത് കാണുകയായിരുന്നുവെന്ന് മധുസൂദൻ യാദവ് പറഞ്ഞു.

കോടികള്‍ മുടക്കിയ എക്‌സ്പ്രസ് വേയുടെ നിര്‍മാണ നിലവാരത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT