NATIONAL

ആർ‌എസ്‌എസ് കു ക്ലക്സ് ക്ലാന്റെ ഇന്ത്യൻ പതിപ്പല്ല, വംശീയ മേധാവിത്വ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നില്ല: ദത്താത്രേയ ഹൊസബാളെ

യുഎസിൽ ഇന്ത്യയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് സമാനമായി ആർഎസ്എസിനെക്കുറിച്ചും തെറ്റായ ധാരണകളുണ്ടെന്നും ഹൊസബാളെ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ആർ‌എസ്‌എസ് യുഎസിലെ വംശീയവാദികളുടെ സംഘടനായ കു ക്ലക്സ് ക്ലാനിന്റെ ഇന്ത്യൻ പതിപ്പല്ലെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. കാരണം ആ സംഘടനയോ ഇന്ത്യയിലെ ഹിന്ദുക്കളോ ഒരിക്കലും വംശീയ മേധാവിത്വ ​​പ്രത്യയശാസ്ത്രങ്ങളിൽ ഉറച്ചുനിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസിൽ ഇന്ത്യയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് സമാനമായി ആർഎസ്എസിനെക്കുറിച്ചും തെറ്റായ ധാരണകളുണ്ടെന്നും ഹൊസബാളെ പറഞ്ഞു. വാഷിങ്ടണിലെ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ന്യൂ ഇന്ത്യ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

" ആർഎസ്എസ് ഒരു 'ഹിന്ദു മേധാവിത്വ' സംഘടനയാണെന്നോ അല്ലെങ്കിൽ അത് ക്രിസ്ത്യൻ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നോ വികസന വിരുദ്ധമാണെന്നോ ഉള്ള തരത്തിലുള്ള പ്രചാരണങ്ങൾ പതിറ്റാണ്ടുകളായി ബോധപൂർവമോ അല്ലാതെയോ ഉണ്ടായിട്ടുണ്ട്. ആർഎസ്എസ് എന്താണോ ചെയ്യുന്നത് അതല്ല എടുത്തുകാണിക്കപ്പെടുന്നത്. എന്തിനെയാണോ ഞങ്ങൾ അനുകൂലിക്കുന്നത് അത് ഹൈലൈറ്റ് ചെയ്യപ്പെടുന്നില്ല. പകരം കു ക്ലക്സ് ക്ലാനിന്റെ ഇന്ത്യൻ പതിപ്പാണെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളാണ് എപ്പോഴും നടക്കുന്നത്. എന്നാൽ ഞങ്ങൾ അതല്ല", ഹൊസബാളെയുടെ വാക്കുകൾ.

ഇന്ത്യയുടെ സാംസ്കാരിക, നാഗരിക പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാർവത്രിക ഏകത്വം എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ പ്രവർത്തക പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയം സേവക് സംഘം. ഹിന്ദു ഐഡന്റിറ്റിയെ മതപരമായ ഒന്നായല്ല, മറിച്ച് ഒരു നാഗരിക ഐഡന്റിറ്റിയായാണ് ആർഎസ്എസ് കാണുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള സംഘർഷങ്ങൾ രാഷ്ട്രീയ താത്പര്യങ്ങളിൽ നിന്നും ചരിത്രത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളിൽ നിന്നും ഉണ്ടാകുന്നതാണ്. ചരിത്രത്തിൽ ഹിന്ദുക്കൾ ഒരിക്കലും മറ്റൊരു രാജ്യത്തെയും ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT