അമിത് ഷാ PTI
NATIONAL

ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് എസ്. ജയശങ്കർ; പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ കുപിതനായി അമിത് ഷാ

പാർലമെൻ്റിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയിൽ നടപടികൾ വിശദീകരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷമുണ്ടായ ഏപ്രിൽ 22 മുതൽ ജൂൺ 17 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. പാർലമെൻ്റിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയിൽ നടപടികൾ വിശദീകരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

"അമേരിക്കയുമായുള്ള ഒരു നയതന്ത്ര സംഭാഷണത്തിൻ്റേയും ഒരു ഘട്ടത്തിലും വ്യാപാരവുമായുള്ള കാര്യങ്ങളെ കുറിച്ചല്ലാതെ, അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. 193 രാജ്യങ്ങളാണ് ഐക്യരാഷ്ട്ര സംഘടനയിൽ അംഗങ്ങളായുള്ളത്. ഇതിൽ പാക്കിസ്ഥാനടക്കം വെറും മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിനെ എതിർത്തത്," എസ്. ജയശങ്കർ പറഞ്ഞു.

"പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ടിആർഎഫ് രണ്ട് തവണ ഏറ്റെടുത്തതാണ്. എന്നാൽ, പാകിസ്ഥാൻ അത് നിഷേധിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇന്ത്യ ടിആർഎഫിനെ ആഗോള തീവ്രവാദ ശക്തിയായി പ്രഖ്യാപിച്ചു. പാകിസ്ഥാൻ്റെ ആണവായുധം ഉയർത്തിക്കാട്ടിയുള്ള ബ്ലാക്ക് മെയ്‌ലിങ്ങിന് മുന്നിൽ തലകുനിക്കില്ല," എസ്. ജയശങ്കർ വ്യക്തമാക്കി.

പാർലമെൻ്റിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ചർച്ചയിൽ വിദേശകാര്യ മന്ത്രി സംസാരിക്കവെ പ്രതിപക്ഷ എംപിമാരുടെ ഇടപെടലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകോപിതനായി. പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ലെന്നും അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളം സ്പീക്കര്‍ നിയന്ത്രിക്കാത്തതിലും അമിത് ഷാ പ്രകോപിതനായി.

"അവരുടെ പാര്‍ട്ടിയില്‍ വിദേശത്തിൻ്റെ പ്രാധാന്യം എനിക്ക് മനസിലാകും. അവരുടെ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും ഈ സഭയില്‍ അടിച്ചേല്‍പ്പിക്കാനാകില്ല. അതുകൊണ്ടാണ് അവർ പ്രതിപക്ഷ സീറ്റുകളില്‍ ഇരിക്കുന്നത്. അടുത്ത 20 വര്‍ഷം കൂടി അവിടെ തന്നെ ഇരിക്കേണ്ടി വരും. അവരുടെ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ക്ഷമയോടെ കേട്ടിരുന്നു. അവര്‍ എത്രത്തോളം നുണകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ നാളെ അറിയിക്കാം," അമിത് ഷാ പറഞ്ഞു.

രാഹുൽ ഗാന്ധി ലീഡൽ ഓഫ് ഒപ്പോസിഷനിൽ നിന്ന് ലീഡർ ഓപ്പോസിങ് ഭാരത് ആയി മാറിയിയെന്ന് ബിജെപി എംപി അനുരാഗ് താക്കൂർ വിമർശിച്ചു. ഇന്ത്യയെയും പ്രധാനമന്ത്രിയെയും എതിർക്കുക എന്നതാണ് അദ്ദേഹത്തിന്റെ അജണ്ട. അദ്ദേഹം പാകിസ്ഥാൻ നടത്തുന്ന പ്രചാരണത്തിൻ്റെ പോസ്റ്റർ ബോയ് ആയി മാറിയെന്നും അനുരാഗ് താക്കൂർ വിമർശിച്ചു.

SCROLL FOR NEXT