NATIONAL

ശബരിമല യുവതീ പ്രവേശന വിധി; പുനഃപരിശോധനാ ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 66 പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഒരുകൂട്ടം പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 66 പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ശബരിമല യുവതീ പ്രവേശനം ഭരണഘടനാപരമെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് മുന്‍പ് ഹിന്ദുമതം ഉള്‍പ്പടെ വിവിധ മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യ മതാചാരങ്ങളും സംബന്ധിച്ച ചോദ്യങ്ങളില്‍ ഒന്‍പതംഗ ബെഞ്ച് ഉത്തരം നല്‍കേണ്ടതുണ്ട്. ഇതിനുള്ള ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തേക്കും.

ഒന്‍പതംഗ ബെഞ്ചിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും ശബരിമല വിഷയം അഞ്ചംഗ ബെഞ്ച് വീണ്ടും പരിഗണിച്ച് അന്തിമ തീരുമാനമെടുക്കുക.

2019ലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ സുപ്രീം കോടതി അവസാനമായി പരിഗണിച്ചത്. കോവിഡിനെ തുടര്‍ന്ന് ഒന്‍പതംഗ ബെഞ്ച് കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. 2019ലെ ഒന്‍പതംഗ ബെഞ്ചില്‍ ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയും ഉള്‍പ്പെട്ടിരുന്നു.

ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നതായിരുന്നു സുപ്രീം കോടതിയുടെ 2018ലെ വിധി. യുവതികളിലെ ആര്‍ത്തവ കാലം കണക്കാക്കി അവര്‍ക്ക് ശബരിമലയില്‍ പ്രവേശിച്ച് ദര്‍ശനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാപരമായ ലംഘനമായി കണക്കാക്കിയായിരുന്നു അന്ന് സുപ്രീം കോടതി യുവതീ പ്രവേശനം അനുവദിച്ചത്.

SCROLL FOR NEXT