NATIONAL

"കളി തുടങ്ങി, അണിയറയില്‍ പലതും നടക്കുന്നുണ്ട്"; പ്രതിനിധികളെ ഹോട്ടലിലേക്ക് മാറ്റിയതില്‍ ഏക്‌നാഥ് ഷിന്‍ഡെയെ ഉന്നമിട്ട് സഞ്ജയ് റാവത്ത്

ആരെയും പേടിച്ചിട്ടില്ല, പക്ഷെ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പ്രതിനിധികളെ മാറ്റിയതെന്നും ഷിൻഡെ വിഭാഗം നേതാവ് രാജു പറഞ്ഞു.

Author : കവിത രേണുക

മുംബൈ: ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേനയുടെ 29 പ്രതിനിധികളെ ഹോട്ടലിലേക്ക് മാറ്റിയതിൽ പ്രതികരണവുമായി ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കളി ആരംഭിച്ചിരിക്കുന്നു എന്നാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.

അണിയറയില്‍ കുറേ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും ഭൂരിപക്ഷം എന്താണെങ്കിലും, അതെത്ര വലുതാണെങ്കിലും അത് അസ്ഥിരമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. "ഷിന്‍ഡെയുടെ പ്രതിനിധികളെ കൊണ്ടു പോയിരിക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് ടീം താക്കറെയുടെ അംഗങ്ങള്‍ ഊണ് കഴിക്കാനായി പോകുന്നുണ്ട്. അവര്‍ ഞങ്ങളെ സംശയിക്കരുത്", എന്നും സഞ്ജയ് റാവത്ത് പരിഹസിച്ചു.

എന്നാല്‍ ഷിന്‍ഡെ എന്തുകൊണ്ടാണ് പ്രതിനിധികളെ ഹോട്ടലിലേക്ക് മാറ്റിയതെന്ന് ചോദിച്ചപ്പോള്‍ 'ഒരു കാലത്ത് മുംബൈയെ ഏറെ കാലം കട്ടുമുടിച്ചവര്‍ ഇപ്പോള്‍ ഞങ്ങളുടെ പ്രതിനിധികളെയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണ്,' എന്നാണ് ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രാരു വാഗ്‌മെയര്‍ പറഞ്ഞത്.

എന്നാല്‍ ആരെയും പേടിച്ചിട്ടില്ല, പക്ഷെ ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പ്രതിനിധികളെ മാറ്റിയതെന്നും രാജു പറഞ്ഞു. മേയര്‍ സീറ്റില്‍ ആരായിരിക്കും ഇരിക്കുകയെന്ന് മഹായുതി സഖ്യം ഒരുമിച്ചിരുന്ന് തീരുമാനിക്കുമെന്നും ഉദ്ധവ് വിഭാഗം ശിവസേന അവരുടെ പരാജയം അംഗീകരിക്കണമെന്നും രാജു പറഞ്ഞു.

ബിഎംസി തെരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന അടക്കമുള്ള എന്‍ഡിഎ തൂത്തുവാരിയിരുന്നു. 227 സീറ്റില്‍ 118 സീറ്റുകളിലാണ് ജയിച്ചത്. 89 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയും ആയി.

മറുവശത്ത്, ശിവസേന ഉദ്ധവ് വിഭാഗവും താജ് താക്കറയുടെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേനയും ചേര്‍ന്ന സഖ്യം 72 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് 24 സീറ്റുകള്‍ നേടി. ഈ രണ്ട് വിഭാഗവും ഒന്നിച്ചാല്‍ 96 സീറ്റുകളാകും. എട്ട് അംഗങ്ങളെ കൂടെ ചേര്‍ത്താല്‍ ബിഎംസിയുടെ അധികാരം പിടിച്ചെടുക്കാനാകും. ശിവസേന ഷിന്‍ഡെ പക്ഷത്ത് നിന്ന് കൗണ്‍സിലര്‍മാരെ എത്തിച്ചാല്‍ ഭരണം ഉറപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഷിന്‍ഡേ വിഭാഗത്തിന്റെ റിസോര്‍ട്ട് നീക്കം.

കൂടാതെ, മേയര്‍ സ്ഥാനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഷിന്‍ഡേ വിഭാഗം. ബിജെപിയുമായുള്ള വിലപേശല്‍ ശക്തി വര്‍ധിപ്പിക്കാനുള്ള തന്ത്രമായും ഷിന്‍ഡെയുടെ നീക്കത്തെ കാണാം.

SCROLL FOR NEXT