സത്യജിത് റേയുടെ ബംഗ്ലാദേശിലെ പൂർവിക ഭവനം Source: IANS
NATIONAL

'ബംഗാളിന്റെ ചരിത്രമാണത്'; സത്യജിത് റേയുടെ പൂര്‍വിക ഭവനം ബംഗ്ലാദേശ് ഭരണകൂടം പൊളിച്ചു മാറ്റുന്നതായി മമത ബാനര്‍ജി

ബംഗ്ലാദേശ് ആര്‍ക്കിയോളജി വകുപ്പ് നല്‍കുന്ന വിവര പ്രകാരം റേയുടെ പൂര്‍വിക ഭവനം ഒരു നൂറ്റാണ്ട് മുമ്പ് നിര്‍മിച്ചതാണ്.

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ പൂര്‍വിക ഭവനം ബംഗ്ലാദേശ് ഭരണകൂടം പൊളിച്ചുമാറ്റുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ധാക്കയിലെ ഹൊരികിഷോര്‍ റേ ചൗധരി റോഡിലുള്ള നൂറ്റാണ്ട് പഴക്കമുള്ള വസ്തുവാണ് തകര്‍ക്കുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് മമത ബാനര്‍ജി എക്‌സില്‍ വിവരം പങ്കുവെച്ചത്.

റേയുടെ മുത്തശ്ശനായ പ്രശസ്ത സാഹിത്യകാരന്‍ ഉപേന്ദ്ര കിഷോര്‍ റേ ചൗധരിയുടെ വസതിയാണ് തകര്‍ക്കാന്‍ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സത്യജിത് റേയുടെ പൂർവിക ഭവനം പൊളിച്ച നിലയിൽ

'ഈ വാര്‍ത്ത അത്യധികം വേദനാജനകമാണ്. റേ കുടുംബം ബംഗാളി സംസ്‌കാരത്തിന്റെ ഏറ്റവും പഴക്കം ചെന്നതും പ്രധാനപ്പെട്ടതുമായ വാഹകരമാണ്. ബംഗാളിന്റെ നവോത്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട തൂണാണ് ഉപേന്ദ്ര കിഷോര്‍. അതുപോലെ തന്നെ ഈ വീടും ബംഗാളിന്റെ സാംസ്‌കാരിക ചരിത്രവുമായി അത്രമേല്‍ ചേര്‍ന്ന് നില്‍ക്കുന്നതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,' മമത ബാനര്‍ജി എക്‌സില്‍ കുറിച്ചു.

സാംസ്‌കാരിക തനിമ പേറുന്ന റേയുടെ പൂര്‍വിക ഭവനം സംരക്ഷിക്കാന്‍ ബംഗ്ലാദേശിലെ ജനതയും മുഹമ്മദ് യൂനുസ് സര്‍ക്കാരും രംഗത്തെത്തണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം മമത ബാനര്‍ജി ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് ആര്‍ക്കിയോളജി വകുപ്പ് നല്‍കുന്ന വിവര പ്രകാരം റേയുടെ പൂര്‍വിക ഭവനം ഒരു നൂറ്റാണ്ട് മുമ്പ് നിര്‍മിച്ചതാണ്. 1947ലെ വിഭജനത്തിന് ശേഷം ഈ പൂര്‍വിക സ്വത്ത് ബംഗ്ലാദേശ് സര്‍ക്കാരിന് കീഴിലേക്ക് വന്നു.

അതേസമയം ഈ വീട് 10 വര്‍ഷമായി ഉപയോഗമില്ലാതെ കിടക്കുകയാണെന്ന് ധാക്കയിലെ ശിശുക്ഷേമ കാര്യ ഓഫീസര്‍ മെഹെദി സമന്‍ പറഞ്ഞു. പകുതിയോളം കോണ്‍ക്രീറ്റ് ചെയ്ത കെട്ടിടം ശിശു അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൂടി നിര്‍മിച്ചതാണ്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ മറ്റൊരു വാടക കെട്ടിടത്തില്‍ വെച്ചാണ് ഇപ്പോള്‍ നടത്തുന്നതെന്നും കെട്ടിടം പൊളിക്കുന്നതും ആവശ്യമായ അനുമതി തേടിയതിന് ശേഷമാണെന്നും മെഹെദി പറഞ്ഞു.

SCROLL FOR NEXT