ചത്തീസ്‌ഗഡ്; ഹരിയാനയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുരൺ കുമാർ ഐപിഎസിനെയാണ് ചണ്ഡീഗഢിലെ സെക്ടർ 11 ലെ തന്റെ വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയെന്ന നിഗമനത്തിലാണ് സഹപ്രവർത്തകർ.എന്നാൽ ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
ഉച്ചയ്ക്ക് 1.30 ഓടെ, സെക്ടർ 11 പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോൾ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ പുരൺ കുമാറിനെ കണ്ടെത്തുകയായിരുന്നു. ചണ്ഡീഗഡ് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് കൻവർദീപ് കൗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് വിദഗ്ധരെത്തി സംഭവസ്ഥലം പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകളൊന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയില്ല.
2001 ബാച്ച് ഉദ്യോഗസ്ഥനായ പുരൺ കുമാർ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പോസ്റ്റിലാണ് ( എഡിജിപി) ചുമതല വഹിച്ചിരുന്നത്. ഐഎഎസ് ഉദ്യോഗസ്ഥയായ അമൻ പി കുമാറാണ് ഭാര്യ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)