കൊൽക്കത്ത: ശനിയാഴ്ച വടക്കൻ കൊൽക്കത്തയിലെ പ്രശസ്തമായ ദുർഗാ പൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിക്കുകയും 35 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചോർ ബഗാൻ സർബോജാനിൻ പൂജാ പന്തലിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴ പെയ്തപ്പോൾ ജനക്കൂട്ടം ദുർഗാ പൂജയുടെ പന്തലിലേക്ക് വൻതോതിൽ ഇരച്ചെത്തിയതാണ് അപകട കാരണം. ഗേറ്റ് ഇടുങ്ങിയത് ആയിരുന്നതും അപകടത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ചീഫ് സെക്രട്ടറി മനോജ് അഗർവാളും സ്ഥിതിഗതികൾ വിലയിരുത്താൻ കൊൽക്കത്ത മെഡിക്കൽ കോളേജിലെത്തി. ചോർബഗൻ സർബോജനിൻ പൂജ പന്തലിലാണ് സംഭവം നടന്നതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി നടുക്കം രേഖപ്പെടുത്തി. "ചോർ ബഗാൻ പൂജ പന്തലിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഈ ദുഷ്കരമായ സമയത്ത് അവരുടെ കുടുംബങ്ങൾക്ക് ശക്തിയും ധൈര്യവും നൽകുന്നതിനും ഞാൻ ദുർഗ്ഗാ ദേവിയോട് പ്രാർഥിക്കുന്നു," മമത എക്സിൽ കുറിച്ചു.
തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് ബോധം നഷ്ടപ്പെട്ടതായി ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പലരെയും മോട്ടോർ സൈക്കിളുകളിലായാണ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, അപകടത്തെ തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിൽ നടത്താനിരുന്ന രാഷ്ട്രീയ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.