NATIONAL

സ്വകാര്യ ബസില്‍ ദേശീയ ഷൂട്ടിംഗ് താരത്തിന് നേരെ ലൈംഗികാതിക്രമ ശ്രമം; ഡ്രൈവറും കണ്ടക്ടറും പിടിയില്‍

രാത്രി ബസ് യാത്രയ്ക്കിടെയാണ് ലൈംഗികാതിക്രമം നേരിട്ടത്.

Author : ന്യൂസ് ഡെസ്ക്

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ദേശീയ ഷൂട്ടിംഗ് താരത്തിന് നേരെ ലൈംഗികാതിക്രമ ശ്രമം. നവംബര്‍ 16ന് രാത്രി ബസ് യാത്രയ്ക്കിടെയാണ് ലൈംഗികാതിക്രമം നേരിട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവറും കണ്ടക്ടറും സഹായിയുമുള്‍പ്പെടെയാണ് അറസ്റ്റിലായത്.

അര്‍വിന്ദ് വര്‍മ (35), പരമേന്ദ്ര ഗൗതം (52), ഡ്രൈവറുടെ സഹായി ദീപക് മാളവ്യ (27) എന്നിവര്‍ തുടരെ യുവതിയുടെ അടുത്തേക്ക് വരികയും മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു.

ദേശീയ ഷൂട്ടിംഗ് മത്സരം കഴിഞ്ഞ് ഭോപാലില്‍ നിന്ന് സ്വകാര്യ ബസില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷൂട്ടര്‍ക്ക് ദുരനുഭവം ഉണ്ടായതെന്ന് അഡീഷണല്‍ ഡിസിപി രാജേഷ് ഡന്‍ഡോതിയ പറഞ്ഞു. നൈറ്റ് പട്രോളിങ്ങിന്റെ ഭാഗമായി ബസ് നിര്‍ത്തിയപ്പോള്‍ യുവതി പൊലീസിനെ കാര്യമറിയിക്കുകയായിരുന്നുവെന്നും ഡിസിപി അറിയിച്ചു.

'പുലര്‍ച്ചെ 1.30 സമയത്ത് പൊലീസ് വാഹന പരിശോധന നടത്തി വരികയായിരുന്നു. ഈ സമയത്താണ് ഷൂട്ടര്‍ പൊലീസിനോട് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ യാത്രക്കാരടങ്ങുന്ന ബസ് ഉപേക്ഷിച്ച് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

SCROLL FOR NEXT