NATIONAL

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിയത് വിനാശകരം; പ്രതിപക്ഷം അവസരം ഉപയോഗിക്കേണ്ട സമയം: ശശി തരൂർ

യുവാക്കൾക്ക് അവരുടെ പ്രധിഷേധം പ്രകടിപ്പിക്കാൻ ഒരു വഴി ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ഓൺലൈനിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് തടഞ്ഞുവച്ചതിൽ പ്രതികരണവുമായി കോൺ​ഗ്രസ് എംപി ശശി തരൂർ. സിജെപിയുടെ അക്കൗണ്ട് പൂട്ടിയത് വിനാശകരവും അങ്ങേയറ്റം ബുദ്ധിശൂന്യവുമായ പ്രവൃത്തിയാണെന്ന് ശശി തരൂർ എക്സിൽ കുറിച്ചു. യുവാക്കൾക്ക് അവരുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ വഴി ഉണ്ടാകണം. അതിനാൽ സിജെപിയുടെ അക്കൗണ്ട് പ്രവർത്തിക്കട്ടേയെന്നും അദ്ദേഹം പറ‍ഞ്ഞു. സർക്കാരിൽ യുവാക്കൾക്കുള്ള അതൃപ്തിയാണ് കോക്രോച്ച് ജനതാ പാർട്ടി വെളിപ്പെടുത്തുന്നതെന്നും പ്രതിപക്ഷം അവസരം ഉപയോഗപ്പെടുത്തേണ്ട സമയമാണിതെന്നും ശശി തരൂർ പറഞ്ഞു.

"വെറും അഞ്ച് ദിവസം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 19 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ ഈ വളർച്ചയിൽ എനിക്ക് കൗതുകം തോന്നുന്നു. യുവാക്കളുടെ നിരാശ എനിക്ക് മനസിലാകും, എന്തുകൊണ്ടാണ് അവർ അതിൽ പ്രതികരിക്കുന്നതെന്നും മനസിലാകും. അതുകൊണ്ടാണ് എക്സിലെ അക്കൗണ്ട് തടഞ്ഞുവച്ചിരിക്കുന്നത് വിനാശകരവും അങ്ങേയറ്റം ബുദ്ധിശൂന്യവുമാണെന്ന് പറയുന്നത്. യുവാക്കൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വഴി ഉണ്ടായിരിക്കണം. അതിനാൽ, സിജെപിയുടെ അക്കൗണ്ട് പൂട്ടുന്നതിന് പകരം അത് പ്രവർത്തിക്കട്ടെ. വിയോജിപ്പ്, നർമം, ആക്ഷേപഹാസ്യം, നിരാശ എന്നിവയ്ക്കെല്ലാം ജനാധിപത്യത്തിൽ അവസരമുണ്ട്.

ഈ പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഉറപ്പില്ല, പക്ഷേ ഈ ഊർജത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനോ വോട്ടിലൂടെ അത് പ്രകടിപ്പിക്കാനോ ഉള്ള വഴി ഇതിന് പിന്നിലുള്ള യുവാക്കൾ കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ അവഗണിക്കാൻ കഴിയാത്തവരായി അവർ മാറും. പ്രതിപക്ഷം പ്രയോജനപ്പെടുത്തേണ്ട ഒരു അവസരമാണിത്", ശശി തരൂർ എക്സിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചത്. രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തടഞ്ഞതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ടില്‍ പറയുന്നത്. കോക്രോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റ അക്കൗണ്ടും വിലക്കിയേക്കും.

SCROLL FOR NEXT