കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ചടങ്ങിൽ അർഹമായ ബഹുമാനം ലഭിക്കാത്തതിൽ ശശി തരൂർ അസ്വസ്ഥനാണെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ രാഹുൽ ഗാന്ധി വിളിച്ചു ചേർത്ത മുതിർന്ന കോൺഗ്രസ് നേതാക്കളുടെ കേരള മീറ്റിൽ ശശി തരൂർ ഓൺലൈനായി പങ്കെടുക്കുമെന്ന് വിവരം. ഈ വർഷം നടക്കാനിരിക്കുന്ന കേരളത്തിലെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്.ശശി തരൂർ യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നാണ് ആദ്യം പുറത്തു വന്നിരുന്ന വിവരം.
ഷെഡ്യൂൾ പ്രശ്നങ്ങൾ കാരണം തരൂരിന് നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നാണ് വിശദീകരണം. കോൺഗ്രസ് സംസ്ഥാന ഘടകത്തിലെ ഉന്നത നേതാക്കൾ ഇന്ന് ഉച്ചയ്ക്കാണ് ഡൽഹിയിൽ വെച്ച് രാഹുൽ ഗാന്ധിയുമായും പാർട്ടി മേധാവി മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തുക. കോൺഗ്രസ് നേതൃത്വവുമായുള്ള ശശി തരൂരിൻ്റെ ബന്ധം അത്ര സുഖകരമല്ലെങ്കിലും തരൂർ മീറ്റിങ്ങിൽ പങ്കെടുക്കുമെന്നാണ് നേതൃത്വം കരുതിയിരുന്നത്.
പ്രധാനമന്ത്രിയെയും ഭരണകക്ഷിയായ ബിജെപിയെയും പ്രശംസിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് ശേഷം കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കടുത്ത വിയോജിപ്പിലാണ് ശശി തരൂർ. തരൂർ ബിജെപിയിലേക്ക് പോകാൻ ശ്രമിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും പാർട്ടിയോടും അതിൻ്റെ പ്രത്യയ ശാസ്ത്രത്തോടും വിശ്വസ്ഥത പുലർത്തുമെന്നായിരുന്നു തരൂരിൻ്റെ പ്രതികരണം.
കഴിഞ്ഞ ദിവസം മുൻ ബിജെപി എംപിയും നിലവിലെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനുമായ ഗൗതം ഗംഭീറിനൊപ്പമുള്ള ഒരു സെൽഫി പോസ്റ്റ് ചെയ്ത് പ്രശംസാ പരാമർശം നടത്തിയതും കോൺഗ്രസ് നേതൃത്വത്തിനിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു.