സിക്കിമിൽ കനത്ത മഴയെ തുടർന്ന് ടീസ്ത നദിയുടെ ജലനിരപ്പുയരുന്നത് ആശങ്കയുണ്ടാക്കുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മംഗൻ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിൽ സിക്കിമിലെ ഗ്യാൽഷിങ്, നാംചി, സൊറങ്, ഗാംഗ്ടോക്ക്, പാക്യോങ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ടീസ്ത നദിയിലേക്ക് ടൂറിസ്റ്റ് വാഹനം വീണ് കാണാതായ ഒൻപത് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ രണ്ടാം ദിനവും തുടരുകയാണെന്ന് മംഗൻ ജില്ലയിലെ എസ്പി സോനം ദെച്ചു ബൂട്ടിയ അറിയിച്ചു. ആകെ പതിനൊന്ന് പേരാണ് അപകടത്തിൽ പെട്ടത്. അതിൽ രണ്ട് പേരെ അപകടം നടന്ന അന്ന് തന്നെ രക്ഷിച്ചു. സിക്കിമിൽ നിന്നുള്ള ഡ്രൈവർ അടക്കം ഒൻപത് പേരാണ് ബാക്കിയുള്ളത്. വിനോദസഞ്ചാരികളിൽ ആറ് പേർ ഒഡീഷയിൽ നിന്നും, രണ്ട് പേർ ത്രിപുരയിൽ നിന്നും, രണ്ട് പേർ യുപിയിൽ നിന്നുമാണ്. ഐടിബിപി, എസ്ഡിആർഎഫ്, എൻഡിആർഎഫ് തുടങ്ങിയവർ ഇവർക്കായുള്ള രക്ഷാദൗത്യം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. എന്നാൽ, കാർ നദിക്കടിയിൽ കിടങ്ങിക്കിടക്കുന്നതിനാലാണ് ദൗത്യം സങ്കീർണമാകുന്നതെന്നും സോനം ദെച്ചു ബൂട്ടിയ അറിയിച്ചു.
അപകടം നടന്ന സ്ഥലത്തിനടുത്തുള്ള നദീതീരത്ത് നിന്ന് നാല് ഐഡി കാർഡുകളും ആറ് മൊബൈൽ ഫോണുകളും കണ്ടെടുത്തതായി മംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ പറഞ്ഞു. വടക്കൻ സിക്കിമിലെ സിംഗിക്കിൽ നിന്നുള്ള പസാങ് ദേനു ഷെർപ്പ എന്ന ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നവരിൽ ഉൾപ്പെടുന്നു.
തുടർച്ചയായ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പ്രധാന റോഡുകൾ തടസപ്പെട്ടതിനെത്തുടർന്ന് വടക്കൻ സിക്കിമിൽ 1,500 ഓളം വിനോദസഞ്ചാരികളാണ് കുടുങ്ങികിടക്കുന്നത്.