NATIONAL

ആറ് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ പൂര്‍ത്തിയായി, ഏറ്റവും കൂടുതല്‍ പേര്‍ പുറത്തായത് ഗുജറാത്തില്‍

പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ അന്തിമ പട്ടിക ഉടന്‍ പുറത്തിറക്കും.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം പൂര്‍ത്തിയായി. അനര്‍ഹരമായ ലക്ഷണക്കണക്കിനാളുകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 68 ലക്ഷത്തോളം പേരെയാണ് ഗുജറാത്തില്‍ ഒഴിവാക്കിയത്.

ആറ് സംസ്ഥാനങ്ങളില്‍ നിന്നുമായി ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ പേരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. 68,12,711 പേരെയാണ് ഗുജറാത്തില്‍ ഒഴിവാക്കിയത്. 5,08,43,436 ആയിരുന്നു എസ്‌ഐആറിന് മുമ്പ് വോട്ടര്‍പട്ടികയിലെ ആകെ വോട്ടര്‍മാര്‍. എന്നാല്‍ വോട്ടര്‍പട്ടിക പുതുക്കയതിന് ശേഷം 4,40,30,725 ആയി കുറഞ്ഞു.

മധ്യപ്രദേശില്‍ 34,25,078 പേരെയാണ് ഒഴിവാക്കിയത്. 5,74,06,143 പേരില്‍ നിന്ന് പരിഷ്കരണത്തിന് ശേഷം 5,39,81,065 പേരായി ചുരുങ്ങി. മറ്റു സംസ്ഥാനങ്ങളിലും നിരവധി പേരെ ഒഴിവാക്കിയിട്ടുണ്ട്. രാജസ്ഥാനില്‍ 5,46,56,215 പേരില്‍ നിന്നും 5,15,19,929 പേരായി ചുരുങ്ങി. ഛത്തീസ്ഗഡില്‍ 2,12,30,737 പേരില്‍ നിന്നും 1,87,30,914 ആയി ചുരുങ്ങി. 24,99,823 പേരെയാണ് പുറത്താക്കിയത്.

കേരളത്തില്‍ 2,78,50,855 പേരില്‍ നിന്നും 2,69,53,644 ആയി ചുരുങ്ങി. 8,97,211 പേരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഗോവയില്‍ 11,85,034 പേരില്‍ നിന്ന് 10,57,566 പേരായി ചുരുങ്ങിയപ്പോള്‍ 1,27,468 പട്ടികയില്‍ നിന്നും പുറത്തായി.

കേന്ദ്ര ഭരണ പ്രദേശങ്ങളില്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 3,10,404 പേരില്‍ 2,58,040 പേരാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടത് 52,364 പട്ടികയ്ക്ക് പുറത്തായി. പുതുച്ചേരിയില്‍ ആകെ 10,21,578 പേരില്‍ 9,44,211 പേരാണ് പട്ടികയിലുള്ളത്. 77,367 പേര്‍ പുറത്തായി. ലക്ഷദ്വീപില്‍ 57,813 പേരില്‍ 57,607 പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ 206 പേര്‍ പട്ടികയില്‍ നിന്നും പുറത്തായി.

പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ അന്തിമ പട്ടിക ഉടന്‍ പുറത്തിറക്കും. 12 സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആറിന് നിര്‍ദേശിച്ചത്. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ട എസ്‌ഐആര്‍ നടപടികള്‍ ഏപ്രിലില്‍ ആരംഭിക്കും.

SCROLL FOR NEXT