ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ANI
NATIONAL

ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണം; രാജ്യമെങ്ങും കോണ്‍ഗ്രസ് പ്രതിഷേധം, ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്ന് സിജെപി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾ മറനീക്കി പുറത്തുവന്നതിനു പിന്നാലെയാണ് രാജ്യമാകെ സമരമുഖമാകുന്നത്

Author : ന്യൂസ് ഡെസ്ക്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. ഉത്തർപ്രദേശിലും ഹരിയാനയിലും അസമിലും നടന്ന കോൺഗ്രസ് മാർച്ചുകളിൽ വലിയ സംഘർഷമുണ്ടായി.. പൊലീസും കേന്ദ്രസേനയും ജലപീരങ്കി പ്രയോഗിക്കുകയും പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശുകയും ചെയ്തു. ഡൽഹി ജന്തർമന്തറിൽ സംയുക്ത പ്രതിപക്ഷ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. ഗ്യാനേഷ് കുമാർ ഉടൻ രാജിവച്ചില്ലെങ്കിൽ ഗാന്ധി ജയന്തിക്ക് മുംബൈയിൽ നിന്ന് വലിയ പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് സിജെപി കേന്ദ്രസർക്കാരിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾ മറനീക്കി പുറത്തുവന്നതിനു പിന്നാലെ ഇടവേളയ്ക്കു ശേഷം ഒരിക്കൽക്കൂടി രാജ്യമാകെ സമരമുഖമാകുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഹരിയാനയിലും ഉത്തർപ്രദേശിലും നടന്ന കോൺഗ്രസ് മാർച്ചിനെതിരെ പൊലീസും കേന്ദ്രസേനയും കടുത്ത ബലപ്രയോഗമാണ് നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി.

ഡൽഹി ജന്തർമന്തറിൽ പൊടുന്നനെ സംയുക്ത പ്രതിപക്ഷ പ്രതിഷേധം തുടങ്ങി. പ്രതിഷേധം പൊലീസ് നടപടിയിൽ കലാശിച്ചു. ജന്തർ മന്തർ പൂർണമായി അടച്ചിട്ട പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രക്ഷോഭം നയിച്ച പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ അടക്കം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ സംസ്ഥാന പൊലീസിനു പുറമെ കേന്ദ്രസേനകളായ സിആർപിഎഫ് , ബിഎസ്എഫ്, എസ്എസ്ബി, റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവരെയും വിന്യസിച്ചിട്ടുണ്ട്.

ഇതിനു പിന്നാലെ ജന്തർ മന്തറിലേക്ക് മാർച്ച് ചെയ്ത എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെയും പൊലീസ് നടപടി. സമരത്തിന് നേതൃത്വം നൽകാനെത്തിയ എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ എന്നിവരേയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. അസമിൽ പ്രക്ഷോഭം നയിച്ച കോൺഗ്രസ് ലോക്‌സഭാ ഡെപ്യൂട്ടി ലീഡർ ഗൗരവ് ഗോഗോയിയും അറസ്റ്റിലായി.

ഗ്യാനേഷ് കുമാർ ഉടൻ രാജിവെച്ചില്ലെങ്കിൽ മുംബൈയിൽ നിന്ന് തുടങ്ങി രാജ്യമാകെ പടരുന്ന പ്രതിഷേധം തുടങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി മുന്നറിയിപ്പ് നൽകി. അട്ടിമറിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, അതിന് നിയമ സാധുത നൽകുന്നതിന് തുല്യമെന്നും പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സിജെപി നേതാവ് അഭിജീത് ദീപ്കെ അഭിപ്രായപ്പെട്ടു.

ബിഹാറില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം

അസം, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ചണ്ഡീഗഡ്, തെലങ്കാന ഉള്‍പ്പെടെ സംസ്ഥാനങ്ങളിലും വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ മാർച്ചുകൾ നടന്നു. പലയിടത്തും പൊലീസ് നടപടിയും ഉണ്ടായി. കേരളത്തില്‍ ലോക് ഭവനിലേക്കായിരുന്നു കോണ്‍ഗ്രസ്സിന്റെ മാര്‍ച്ച്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദീപ ദാസ് മുൻഷി, ജെബി മേത്തർ ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുത്തു. എസ്ഐആര്‍ റിവിഷനു ശേഷം ചെറുപ്പക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിന് പേരുടെ വോട്ടവകാശം സർക്കാർ വെട്ടിമാറ്റിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പ്രതിപക്ഷ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

SCROLL FOR NEXT